വ്യാപാരി വ്യവസായി ഏകോപനസമിതി; രാജു അപ്‌സര വീണ്ടും പ്രസിഡന്റ്

alp-vyapariആലപ്പുഴ: വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിയിലേക്ക് ആലപ്പുഴ മുന്‍സിഫ് കോടതി ഉത്തരവുപ്രകാരം നടത്തിയ തെരഞ്ഞെടുപ്പില്‍ രാജു അപ്‌സര പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍സ്ഥാനാര്‍ഥിയായ നുജുമുദ്ദീന്‍ ആലുംമൂട്ടിലിന് പത്തുവോട്ടുകള്‍ മാത്രം ലഭിച്ചപ്പോള്‍ അഞ്ചുവോട്ടുകള്‍ അസാധുവായി.

ജില്ലാ എക്‌സിക്യൂട്ടീവിലേക്കു മത്സരിച്ച ആകെയുള്ള 40 സീറ്റുകളിലും രാജു അപ്‌സരയെ പിന്തുണയ്ക്കുന്ന പക്ഷം വിജയിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും ജനറല്‍ സെക്രട്ടറിയായി സബില്‍രാജിനെയും ട്രഷററായി ജേക്കബ് ജോണിനെയും വൈസ്പ്രസിഡന്റുമാരായി സജു പാര്‍ഥസാരഥി, വര്‍ഗീസ് വല്യാക്കല്‍, കെ.എസ്. മുഹമ്മദ്, ബാബുജി ജയ്ഹിന്ദ് എന്നിവരെയും സെക്രട്ടറിമാരായി ആര്‍. സുഭാഷ്, പ്രതാപന്‍ സൂര്യാലയം, യു.സി. ഷാജി, വേണുഗോപാലക്കുറുപ്പ് എന്നിവരെയും കമ്മിറ്റി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ ജൂണ്‍ അഞ്ചിനു നടന്ന സംഘടനാ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ രാജു അപ്‌സരയുടെ നേതൃത്വത്തിലുള്ള ഭരണസമിതി പ്രവര്‍ത്തനം നടത്തുന്നതിനിടെ തെരഞ്ഞെടുപ്പു നടത്തിപ്പിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി അഞ്ചുവ്യാപാരികള്‍ മുന്‍സിഫ് കോടതിയില്‍ അന്യായം സമര്‍പ്പിച്ചതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ മേല്‍നോട്ടത്തില്‍ വീണ്ടും തെരഞ്ഞെടുപ്പു നടത്തിയത്.  മൊത്തം 532 വോട്ടുകളാണ് ജില്ലയിലുള്ളത്.

Related posts