ശക്തന്റെ തട്ടകം വിറപ്പിക്കാന്‍;പുലിയിറക്കം ശനിയാഴ്ച

TCR-PULIസ്വന്തം ലേഖകന്‍
തൃശൂര്‍: നാലോണനാളില്‍ നഗരത്തില്‍ അരങ്ങേറുന്ന പുലിക്കളിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മേയര്‍ അജിത ജയരാജന്‍ അറിയിച്ചു. 10 ടീമുകളാണ് ഇത്തവണ പുലിക്കളിക്കെത്തുന്നത്. അയ്യന്തോള്‍, വിയ്യൂര്‍, നായ്ക്കനാല്‍, തൃക്കുമാരംകുടും ശ്രീഭദ്ര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, കുട്ടന്‍കുളങ്ങര, മൈലിപ്പാടം, വടക്കേ അങ്ങാടി, പാട്ടുരായ്ക്കല്‍ വാരിയം ലെയിന്‍, കൊക്കാല സാന്റോസ് ക്ലബ്, വിവേകാനന്ദ സേവാസമിതി പൂങ്കുന്നം ദേശങ്ങളാണ് ഇത്തവണ പുലിക്കളിക്കെത്തുന്നത്. വൈകീട്ട് നാലു മുതല്‍ എട്ടുവരെയാണു സ്വരാജ് റൗണ്ടിലെ പുലിക്കളി.

മികച്ച പുലിക്കളി ടീമിനു 35,000 രൂപയും ട്രോഫിയുമാണു സമ്മാനം. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവര്‍ക്കു യഥാക്രമം 30,000, 20,000 രൂപ വീതവും നല്‍കും. നിശ്ചലദൃശ്യങ്ങള്‍ക്കു യഥാക്രമം 30,000, 25,000, 20,000 രൂപയും ട്രോഫിയും ലഭിക്കും. മികച്ച അച്ചടക്കമുള്ള സംഘത്തിന് 10,000 രൂപയുടേയും മികച്ച പുലിക്കൊട്ട്, പുലിവേഷം എന്നിവയ്ക്ക് 5,000 രൂപയുടെയും സമ്മാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നു മേയര്‍ അജിത ജയരാജന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 8.30നാണ് സമ്മാനദാന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സമ്മാനദാനം നിര്‍വഹിക്കും.

700 ഓളം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിക്കും. ഓരോ ടീമിനുമൊപ്പം ഒരു എസ്‌ഐയുടെ നേതൃത്വത്തില്‍ പത്തു പോലീസുകാര്‍ ഉണ്ടായിരിക്കും. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, പുലിക്കളി ആഘോഷ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കൗണ്‍സിലര്‍ അനൂപ് ഡേവീസ് കാട, കൗണ്‍സിലര്‍മാരും സംഘാടക സമിതി ഭാരവാഹികളുമായ ടി.ആര്‍. സന്തോഷ്, വി. രാവുണ്ണി, പി. കൃഷ്ണ്‍കുട്ടി, പ്രേംകുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പകിട്ട് കൂടും… പുലിക്കളിക്കുമുമ്പ്  പുലിപ്പൂരം
പുലിമുഖങ്ങളുടെ ചമയം ഒരു കുടക്കീഴിലാക്കിയുള്ള “പുലിപ്പൂരം’ ചമയപ്രദര്‍ശനമാകും ഇത്തവണ പുലിക്കളിയുടെ ഏറ്റവും വലിയ പ്രത്യേകത. ഇതോടെ തൃശൂര്‍ പൂരത്തിന്റെ ചമയപ്രദര്‍ശനം പോലെ പുലിക്കളി ചമയങ്ങളും പുലിപ്രേമികള്‍ക്കു നടന്നുകാണാം. പത്തു പുലിക്കളി ടീമുകളെയും ഉള്‍പ്പെടുത്തിയുള്ള പ്രദര്‍ശനത്തിനു ബാനര്‍ജി ഹാളില്‍ ഇന്ന് തുടക്കമാവും. വൈകീട്ട് അഞ്ചിനു മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, പ്രഫ. സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീന്‍ എന്നിവര്‍ ചേര്‍ന്നാണു പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുക. നാളെയും മൂന്നോണ ദിവസവും രാത്രി പത്തുവരെ പുലിപ്രേമികള്‍ക്കു പ്രദര്‍ശനം കാണാം.
സമയം തെറ്റിച്ചാല്‍ മാര്‍ക്കും കുറയും

ആടിപ്പാടി വരുന്ന പുലികള്‍ സൂക്ഷിക്കുക. അനുവദിച്ചിരിക്കുന്ന സമയം തെറ്റിച്ചു സ്വരാജ് റൗണ്ടിലെത്തിയാല്‍ ചിലപ്പോള്‍ സമ്മാനം കിട്ടിയെന്നുവരില്ല. പുലിക്കളി കൂടുതല്‍ കൃത്യനിഷ്ടയോടെയാക്കാന്‍ വേണ്ടി ഇത്തവണ എല്ലാ ടീമുകള്‍ക്കും കോര്‍പറേഷന്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കുന്നതിനു സമയം അനുവദിച്ചിട്ടുണ്ട്.

മൈലിപ്പാടം ദേശത്തിന്റെ പുലികളാണ് ആദ്യം സ്വരാജ് റൗണ്ടിലെത്തുക. കൃത്യം നാലിനു തന്നെ മൈലിപ്പാടം ദേശം പാറമേക്കാവ് ക്ഷേത്രത്തിനു സമീപത്തെ വിധികര്‍ത്താക്കളുടെ പവലിയനു സമീപത്തെത്തണം. തൊട്ടുപുറകേ 4.15ന് വിയൂര്‍ ദേശവും 4.30ന് കുട്ടന്‍കുളങ്ങര ദേശവും പാറമേക്കാവിന് മുന്നിലെത്തും. 6.30ന് എത്തുന്ന പാട്ടുരായ്ക്കല്‍ വാരിയം ലെയിന്‍ ടീമാണ് ഏറ്റവുമൊടുവില്‍ നഗരത്തിലെത്തുക.

മാര്‍ക്കിടല്‍ മൂന്നിടത്ത് ആറു പുലിവഴികള്‍
കുംഭകുലുക്കിയെത്തുന്ന പുലികള്‍ക്കു മാര്‍ക്കിടാന്‍ ഇത്തവണ മൂന്നിടത്താണു വിധികര്‍ത്താക്കളുണ്ടാവുക. മുന്‍വര്‍ഷങ്ങളില്‍ ഇതു നാലായിരുന്നു. സമയ നഷ്ടം ഒഴിവാക്കാന്‍ പുലിക്കളി സംഘങ്ങളുമായുള്ള ചര്‍ച്ചയെ തുടര്‍ന്നാണു ജഡ്ജിംഗ് പോയിന്റുകള്‍ മൂന്നാക്കി ചുരുക്കിയത്. പാറമേക്കാവ് ജംഗ്ഷന്‍, എംഒ റോഡ്, നടുവിലാല്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലായിരിക്കും ജഡ്ജിംഗ് പോയിന്റുകള്‍. ആറു വഴികളിലൂടെയാണു പുലികള്‍ ഇത്തവണ സ്വരാജ് റൗണ്ടിലെത്തുക. പാലസ് റോഡ്, ബിനി ജംഗ്ഷന്‍, ഷൊര്‍ണൂര്‍ റോഡ്, കുറുപ്പം റോഡ്, എ.ആര്‍. മേനോന്‍ റോഡ്, നായ്ക്കനാല്‍ എന്നിവയാണു പുലിവഴികള്‍. ഓരോ ടീമിനും നിശ്ചിത സമയക്രമവും നല്‍കിയിട്ടുണ്ട്.

പുലിനിറം ഇളക്കാന്‍ മണ്ണെണ്ണ 200 ലിറ്റര്‍
കളിക്കുശേഷം പുലികളുടെ നിറമിളക്കാന്‍ മണ്ണെണ്ണയാണ് ഉപയോഗിക്കുക. ഇതിനായി പുലിക്കളി ടീമുകള്‍ക്കു കോര്‍പറേഷന്‍ നല്‍കിവരാറുള്ള മണ്ണെണ്ണ വിഹിതം ഇത്തവണ അമ്പതു ലിറ്റര്‍ വര്‍ധിപ്പിച്ച് 200 ആക്കിയതായി മേയര്‍ അറിയിച്ചു. പുലികള്‍ക്കു കുടിക്കാന്‍ ആവശ്യമായ വെള്ളവും കോര്‍പറേഷന്‍ നല്‍കും. ടീമുകള്‍ക്കുള്ള 1.25 ലക്ഷം രൂപയുടെ ധനസഹായത്തില്‍ 75000 രൂപ മൂന്‍കൂറായി നല്‍കിയതായും മേയര്‍ അറിയിച്ചു.

Related posts