അഗളി: ആനക്കട്ടി ബസ് സ്റ്റാന്‍ഡില്‍ അവശനിലയില്‍ കണ്ടെത്തിയ വൃദ്ധമാതാവിനെ അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന ശാന്തിയുടെ ഇടപെടലിലൂടെ ബന്ധുക്കള്‍ക്ക് കൈമാറി. ജൂണ്‍ 25 ന് അവശനിലയില്‍ കണ്ട ഇവരുടെ അവസ്ഥ പഞ്ചായത്ത് ജീവനക്കാരായ സുരേഷ് ഗോപിനാഥന് പിള്ള, രാജന് എന്നിവരാണ് ശാന്തിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ശാന്തിഗ്രാമത്തിലെത്തിച്ച ഇവര്‍ മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. സ്വന്തം പേരും നാടും വീടും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ശാന്തിയിലെ ഒരാഴ്ചത്തെ പരിചരണത്തിലൂടെ ഇവര്‍ പൂര്‍വകാല ചരിത്രം ഓര്‍ത്തെടുക്കുകയായിരുന്നു.
കോയമ്പത്തൂര്‍ പുളിയംകുളത്തുളള സ്വന്തം വീട്ടില്‍ നിന്ന് രണ്ടുമാസം മുമ്പ് ഇറങ്ങിയതാണെന്നും തന്റെ പേര് അന്നമ്മ എന്നാണെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അന്നമ്മയുടെ മക്കളെ കണ്ടെത്തി. മക്കളോടൊപ്പം ഇവര്‍ പോയി. 25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച അന്നമ്മ മൂത്ത മകനോടൊപ്പമാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി മക്കള്‍ പറഞ്ഞു. വീട്ടില്‍ തിരിച്ചെത്തിയ അന്നമ്മ ബന്ധുക്കളേയും പരിസരവാസികളേയും കണ്ടെത്തിയ സന്തോഷത്തിലായിരുന്നു.