തിരുവനന്തപുരം: വര്‍ക്കല അയിരൂരില്‍ പഭാത സവാരിക്കിറങ്ങിയ അയിരൂര്‍ സ്വദേശിയായ ശിവപ്രസാദ് എന്ന മധ്യവയസ്കനെ വധിച്ച കേസില്‍ ഡിഎച്ച്ആര്‍എം സംസ്ഥാന നേതാക്കളടക്കമുള്ള ഏഴുപ്രതികള്‍ക്കും തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് ജഡ്ജി എ. ബദറുദ്ദീന്‍ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പ്രതികള്‍ 2,85,000 രൂപ വീതം പിഴയടയ്ക്കണം. ആറുലക്ഷം രൂപ കൊല്ലപ്പെട്ട ശിവപ്രസാദിന്റെ കുടുംബത്തിന് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
2009 സെപ്തംബര്‍ 23നു ക്ഷേത്രദര്‍ശനം കഴിഞ്ഞു പ്രഭാത സവാരി നടത്തുകയായിരുന്ന ശിവപ്രസാദിനെ പുലര്‍ച്ചെ അഞ്ചിന് വര്‍ക്കല അയിരൂര്‍ ഗവ.യുപി സ്കൂളിനു മുന്പില് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സമീപത്തു ചായക്കട നടത്തുകയായിരുന്ന അശോകനെ വെട്ടി പരുക്കേല്‍പ്പിക്കുകയും ചെയ്തു.
സംഭവത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ആറുപേരെ വെറുതെ വിട്ടു. പ്രതികള്‍ സമൂഹത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിഞ്ഞു. ഡിഎച്ച്ആര്‍എം പ്രവര്‍ത്തകരായ ചെറുന്നിയൂര്‍ സ്വദേശി കെ. ദാസ് (45), പെരുമ്പുഴ സ്വദേശി ജെ. ജയചന്ദ്രന്(33), വടശ്ശേരിക്കോണം അംബേദ്കര്‍ കോളനിയില്‍ എസ്. മധു(44), കൊല്ലം മുട്ടക്കാവ് സ്വദേശി എന്‍. സുധി(29), വര്‍ക്കല ചെറുകുന്നം സ്വദേശി എസ്. സുധി(29), ഇലകമണ്‍ സ്വദേശി എസ്. സുനില്‍(34), എറണാകുളം സ്വദേശി വി. ശെല്‍വരാജ് (34) എന്നിവരാണ് കേസിലെ പ്രതികള്‍. സംഘടനയുടെ തെക്കന്‍ മേഖലാ ഓര്‍ഗനൈസറാണ് കേസിലെ ഒന്നാം പ്രതി ദാസ്. പ്രതികളായ പെരുമ്പുഴ സ്വദേശി മുകേഷ്, അയിരൂര്‍ സ്വദേശി സജീവ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.