തലശേരി: വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പാക്കി സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ കതിരൂര്‍ പഞ്ചായത്ത് സംസ്ഥാനത്തിനു മാതൃകയായി പുതിയൊരു പദ്ധതി കൂടി ആവിഷ്കരിച്ചു നടപ്പാകുന്നു. ചുമര്‍ചിത്ര ഗ്രാമ പദ്ധതിയെന്നു വ്യത്യസ്തമായ പദ്ധതിയാണ് പഞ്ചായത്ത് നടപ്പാക്കുന്നത്. നിരവധി ചിത്രകാരന്‍മാരും കലാകാരന്‍മാരുമുള്ള പഞ്ചായത്ത് ഇവരുടെയെല്ലാം പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇനിയുള്ള അഞ്ചു ദിവസങ്ങളിലായി ഗ്രാമപരിധിയിലെ സാംസ്കാരിക സ്ഥാപനങ്ങള്‍, പൊതു വിദ്യാലയങ്ങള്‍, ആംഗന്‍വാടികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി എല്ലാ പൊതുകേന്ദ്രത്തിലും ജനങ്ങളുടെ സഹായത്തോടെ നൂറോളം ചിത്രകാരന്മാര്‍ ചുമര്‍ ചിത്രരചന നടത്തും.
സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി നേടിയിട്ടാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ഇത്തരമൊരു പദ്ധതി നടപ്പാക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് എന്ന ഖ്യാതിയും കതിരൂരിന് മാത്രം അവകാശപ്പെട്ടതാണ്. കോട്ടയം ജില്ലമുതല്‍ നീലേശ്വരം വരെയുള്ള നൂറിലധികം ചിത്രകാരന്മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കാനത്തെിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ ചിത്ര രചന നടത്തും. പ്രാദേശികമായി സംഘാടക സമിതികള്‍ രൂപവത്കരിച്ചാണ് പദ്ധതി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
പ്രതിഫലമില്ലാതെയാണ് അഞ്ചുദിവസം നൂറോളം ചിത്രകാരന്മാരും ചിത്രകാരികളും പഞ്ചായത്തില്‍ ക്യാമ്പ് ചെയ്ത പൊതുസ്ഥാപനങ്ങളിലെ ചുമരുകളില്‍ ചിത്രം വരയ്ക്കുക. കലാകാരന്‍മാരുടെ താമസം വിവിധ വീടുകളിലാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ഗ്രാമീണ ആര്‍ട്ട് ഗാലറിക്ക് ജനകീയാ സൂത്രണത്തിലൂടെ രൂപം നല്‍കിയ കതിരൂരില്‍ പഞ്ചായത്തിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയാണ് പുതിയ ചിത്രസംസ്കാരവും ചിത്ര സാക്ഷരതയും വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ചുമര്‍ ചിത്ര ഗ്രാമം പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്.
ചലച്ചിത്ര സംവിധായകന്‍ പ്രദീപ് ചൊക്ലി, ഹരീന്ദ്രന്‍ ചാലാട്, വേണുഗോപാലന്‍, സുരേഷ് കൂത്തുപറമ്പ്, അശോകന്‍ ചെറുവത്തൂര്‍, ഗോവിന്ദന്‍ കണ്ണപുരം, കെ.ആര്‍. ബാബുരാജ് തുടങ്ങിയവരാണ് ക്യാമ്പിനും ചിത്ര രചനക്കും നേതൃത്വം നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പി.കെ. ശ്രീമതി എംപി നിര്‍വഹിച്ചു. എ.എന്‍. ഷംസീര്‍ അധ്യക്ഷത വഹിച്ചു.