മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കൊടുമ്പിരികൊള്ളുമ്പോള്‍ അങ്ങ് ഇംഗ്ലണ്ടില്‍ ഒരാള്‍ കച്ചമുറുക്കുകയാണ്. അത് ഏകദിനത്തിലോ ട്വന്റി-20യിലോ ഒന്നുമല്ല, ക്രിക്കറ്റിന്റെ ക്ലാസിക് രൂപമായ ടെസ്റ്റ് ക്രിക്കറ്റിന്. അതാകട്ടെ, ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റിക്കാര്‍ഡ് ഉന്നംവച്ച്. പറഞ്ഞുവരുന്നത് മറ്റാരെക്കുറിച്ചുമല്ല, ഇംഗ്ലീഷ് നായകന്‍ അലിസ്റ്റര്‍ കുക്കിനെപ്പറ്റി. കേവലം 36 റണ്‍സ് കൂടി നേടിയാല്‍ കുക്കിന് ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സാകും. 10,000 റണ്‍സ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന റിക്കാര്‍ഡാണ് കുക്കിനെ തേടിയെത്തുന്നത്.
31 വയസും 10 മാസവുമുള്ളപ്പോഴാണ് സച്ചിന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സ് പിന്നിട്ടത്. 2005ല്‍ കോല്‍ക്കത്തയില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിലായിരുന്നു സച്ചിന്‍ 10,000 കടന്നത്.അന്നു നാലാമനായി ഇറങ്ങിയ സച്ചിന്‍ രണ്ട് ഇന്നിംഗ്‌സിലും 52 റണ്‍സ് വീതം നേടി. പാക്കിസ്ഥാനെ 195 റണ്‍സിനു പരാജയപ്പെടുത്തിയപ്പോള്‍ മാന്‍ ഓഫ് ദ മാച്ചായത് രാഹുല്‍ ദ്രാവിഡായിരുന്നു. മേയ് 19നാണ് ഇംഗ്ലണ്ട്- ശ്രീലങ്ക ടെസ്റ്റ് ആരംഭിക്കുന്നത്. ആദ്യമത്സരത്തില്‍ത്തന്നെ മികച്ച ഫോമിലുള്ള റിക്കാര്‍ഡ് മറികടക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.
കുക്കിന് ഇപ്പോള്‍ 31 വയസും അഞ്ചു മാസവുമാണ് പ്രായം. 9964 റണ്‍സ് നേടിയിട്ടുള്ള കുക്കിന്റെ പേരില്‍ 28 സെഞ്ചുറികളും 47 അര്‍ധസെഞ്ചുറി കളുമുണ്ട്.ലീഡ്‌സിലാണ് ആദ്യ ടെസ്റ്റ്. 10000 റണ്‍സ് പിന്നിട്ടാല്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷ് താരമാകും കുക്ക്. 8900 റണ്‍സ് നേടിയ ഗ്രഹാം ഗൂച്ചാണ് കുക്കിനു താഴെയുള്ള ഇംഗ്ലീഷ് താരം. കെവിന്‍ പീറ്റേഴ്‌സണ്‍ 8181 റണ്‍സ് നേടിയിട്ടുണ്ട്.