കറ്റാനം: മദ്യപിക്കാന്‍ ഗ്ലാസ് നല്‍കാത്തതിന് സോഡാകുപ്പി കൊണ്ട് മൂന്നംഗ സംഘം കടയുടമയുടെ തലയടിച്ച് പൊട്ടിച്ചു. കെ പി റോഡില്‍ തഴവാ ജംഗ്ഷന് സമീപം തട്ടുകട നടത്തുന്ന കറ്റാനം ഭരണിക്കാവ് വേളൂരേത്ത് സുരേന്ദ്രന്‍ (45 )നെയാണ് ആക്രമിച്ചത് തലയ്ക്ക് ഗുരുതര പരിക്കേറ്റ സുരേന്ദ്രനെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് കറ്റാനത്ത് കടകള്‍ അടച്ചിട്ട് വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍.
പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് പ്രതികളുടെ വീടുകളിലും ബന്ധുവീടുകളിലും ഇവര്‍ക്കുവേണ്ടി പോലീസ് തെരച്ചില്‍ നടത്തി. ഭരണിക്കാവ് ചെറുവള്ളി കോളനിയ്ക്ക് സമീപമുള്ള ഇവര്‍ ഒളിവിലാണന്നും അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം തട്ടുകടയ്ക്ക് സമീപമുള്ള ബിവറേജസ് ഔട്ട് ലെറ്റില്‍ നിന്നും മദ്യം വാങ്ങിയെത്തിയ മൂന്നംഗ സംഘം കടയില്‍ കയറിയിരുന്ന് മദ്യപിക്കാന്‍ ശ്രമിക്കുകയും മദ്യം ഒഴിച്ചുകുടിക്കാന്‍ കടയുടമയോട് ഗ്ലാസ് ആവശ്യപ്പെടുകയുമായിരുന്നു.
എന്നാല്‍ ഇവിടെയിരുന്ന് മദ്യപിക്കാന്‍ കഴിയില്ലന്നും ഗ്ലാസ് നല്‍കില്ലന്നും കടയുടമ പറഞ്ഞതോടെ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്നാണ് സംഘം കയ്യില്‍ ഉണ്ടായിരുന്ന മദ്യക്കുപ്പിയും സോഡാകുപ്പിയും ഉപയോഗിച്ച് കടയുടമയെ മര്‍ദിക്കുകയായിരുന്നു. തലയ്ക്ക് കുപ്പിയടികൊണ്ട് സാരമായി മുറിവേറ്റു കടയ്ക്കുള്ളിലും സംഘം അക്രമം സൃഷ്ടിച്ചു സാധന സാമഗ്രികള്‍ അടിച്ചുതകര്‍ത്തു. പ്രദേശത്ത് പിന്നീട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ തലയില്‍ നിന്നും രക്തം വാര്‍ന്നൊലിച്ച കടയുടമയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രതികളെ ഉടന്‍ പിടികൂടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭരണിക്കാവ് യൂണിറ്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.