മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജോണി നെല്ലൂര്‍ മത്സരിക്കും. യുഡിഎഫ് നേതൃത്വത്തിന്റെ വഞ്ചനാപരവും അധാര്മികതയുമായ നടപടിയില്‍ പ്രതിഷേധിച്ചാണ് മൂവാറ്റുപുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് ജോണി നെല്ലൂര്‍ രാഷ്ട്രദീപികയോട് പറഞ്ഞു.
ചതിയുടെയും നീതികേടിന്റെയും സത്യസന്ധത ജനങ്ങളെ ബോധ്യപ്പെടുത്തി പോരാടും. മൂവാറ്റുപുഴയില്‍ തന്നെ മത്സരിക്കണമെന്ന അണികളുടെ ആവശ്യത്തെ തുടര്‍ന്നാണ് താന്‍ അങ്കത്തിനിറങ്ങുന്നത്. ചതിയന്മാരുടെയും വിശ്വാസ വഞ്ചകരുടെയും കപടമുഖം ജനമധ്യത്തില്‍ തുറന്നുകാട്ടും. അവസാനഘട്ടം ആത്മാര്‍ത്ഥയ്ക്കും സത്യസന്ധതയ്ക്കും വിജയം കണ്ടെത്താന്‍ കഴിയുമെന്ന് ജോണി നെല്ലൂര്‍ പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാനായിരുന്ന ജോണി നെല്ലൂര്‍ യുഡിഎഫ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു. യുഡിഎഫ് ഉന്നതാധികാര സമിതി അംഗത്വവും രാജിവച്ചു. അങ്കമാലിയില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഔഷധി ചെയര്മാന് സ്ഥാനം നേരത്തെ തന്നെ അദ്ദേഹം രാജിവച്ചിരുന്നു. യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന് വിളിച്ചുവരുത്തി സീറ്റില്ല എന്ന കാര്യം അറിയിച്ചിരുന്നു.
തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ട ജോണിനെല്ലൂര്‍ യുഡിഎഫ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചിരുന്നു. അന്ന് യുഡിഎഫില്‍ തുടരുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. അങ്കമാലിയിലോ, കോതമംഗലത്തോ, മൂവാറ്റുപുഴയിലോ സ്വതന്ത്രനായി മത്സരിക്കുമെന്നും അറിയിച്ചിരുന്നു. ഇതിനിടെ കോതമംഗലത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ശ്രമം നടത്തിയിരുന്നു.
ഏറെ വൈകിപ്പോയി എന്നു എല്‍ഡിഎഫ് നേതൃത്വം അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. എല്‍ഡിഎഫ് കോതമംഗലത്ത് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. എന്‍ഡിഎ അദ്ദേഹത്തെ മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അങ്കമാലിയില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജോണി നെല്ലൂര്‍ പരാജയപ്പെട്ടിരുന്നു.