സ്വദേശാഭിമാനി പ്രതിമയോട് എല്ലാ സ്ഥാനാര്‍ഥികള്‍ക്കും പ്രിയം

tvm-prathimaനെയ്യാറ്റിന്‍കര: തെരഞ്ഞെടുപ്പ് കാലമായതിനാല്‍ നാടിന്റെ ധീരനായ പത്രാധിപരോട് സ്ഥാനാര്‍ഥികള്‍ക്ക് പ്രിയം കൂടുന്നു. നെയ്യാറ്റിന്‍കര സ്വദേശാഭിമാനി പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ളയുടെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയതിനു ശേഷമാണ് നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തിരുവിതാംകൂറില്‍ രാഷ്ട്രീയ പത്രപ്രവര്‍ത്തനത്തിന് ഹരിശ്രീ കുറിച്ചത് സ്വദേശാഭിമാനി ആയിരുന്നുവെന്നത് ചരിത്രം.

പൊതുജീവിത ശുദ്ധീകരണം മുന്‍നിറുത്തിയുള്ള പോരാട്ടത്തിന് നാടു കടത്തല്‍ ശിക്ഷയായി ലഭിച്ച ധീരനായ സ്വദേശാഭിമാനിയെ സ്മരിക്കുവാന്‍ നെയ്യാറ്റിന്‍കരയില്‍ ആകെ അവശേഷിക്കുന്നത് ഈ പ്രതിമ മാത്രമെന്നത് മറ്റൊരു സത്യം. ടൗണ്‍ ഹാളിന് സ്വദേശാഭിമാനിയുടെ പേര് നല്‍കിയിട്ടുണ്ടെങ്കിലും നഗരസഭയുടെ ഓഫീസിന് സ്വദേശാഭിമാനി നാടു കടത്തല്‍ ശതാബ്ദി സ്മാരക മന്ദിരം എന്ന് നാമകരണം ചെയ്തിട്ടുണ്ടെങ്കിലും പുതുതലമുറയ്ക്ക് ഈ ആജീവനാന്ത പത്രപ്രവര്‍ത്തകനെ കൂടുതല്‍ ആഴത്തില്‍ പഠിക്കാനുള്ള യാതൊരു സംവിധാനങ്ങളും ജന്മനാട്ടിലില്ല. അദ്ദേഹത്തിന്റെ മാതൃഗൃഹമായ കൂടില്ലാ വീട് ചലച്ചിത്രനടന്‍ സുരേഷ് ഗോപി വിലയ്ക്ക് വാങ്ങി തിരുവനന്തപുരം പ്രസ് ക്ലബിന് കൈമാറിയിട്ടുണ്ട്. ഗവേഷണത്തിനും പഠനത്തിനുമെല്ലാം സഹായകമായ സംവിധാനങ്ങള്‍ ഇവിടെ യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Related posts