കാസര്‍ഗോഡ്: ഓണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പില്‍ കാസര്‍ഗോട്ടെ വീട്ടമ്മയ്ക്ക് 2,07900 രൂപ നഷ്ടമായി. കുഡ്‌ലുവിലെ രതീഷിന്റെ ഭാര്യ സരിതയുടെ പണമാണു നഷ്ടപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പു ഹരിയാനയിലെ നാഗ്പൂരില്‍ നിന്നാണ് വിളിക്കുന്നതെന്നും അഞ്ചു ലക്ഷം രൂപയുടെ സ്വര്‍ണം പകുതി വില നല്‍കിയാല്‍ കൊറിയര്‍ വഴി അയച്ചു തരാമെന്നും പറഞ്ഞു സരിതയുടെ മൊബൈലിലേക്ക് വിളി വന്നിരുന്നു. പണം അയക്കേണ്ട അക്കൗണ്ട് നമ്പര്‍ സന്ദേശമായും ലഭിച്ചു.
ഇതേത്തുടര്‍ന്ന് മൂന്നു തവണയായി സരിത 2,07900 രൂപ സന്ദേശം ലഭിച്ച അക്കൗണ്ടിലേക്കു അയച്ചു കൊടുത്തു. എന്നാല്‍ പിന്നീട് സരിതയ്ക്ക് വിളി വന്ന ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായതോടെ കബളിപ്പിക്കപ്പെട്ടെന്നു ബോധ്യപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം കാസര്‍ഗോഡ് ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു. മൊബൈലിലേക്ക് സന്ദേശങ്ങളയച്ചും വിളിച്ചും വീട്ടമ്മമാരെ ഉള്‍പ്പെടെ കബളിപ്പിക്കുന്ന സംഭവങ്ങള്‍ അടുത്തകാലത്തായി ഏറിവരികയാണ്. നാണക്കേടു മൂലം പലരും പൊലീസില്‍ പരാതി നല്‍കുന്നില്ലെന്നും ഇതു തട്ടിപ്പു സംഘങ്ങള്‍ക്കു ഗുണകരമാകുന്നതായുമാണു വിലയിരുത്തല്‍.