ലോസ്ആഞ്ചലസ്: എണ്‍പത്തിയെട്ടാമത് ഓസ്കര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. അമേരിക്കന്‍ സംവിധായകന്‍ ടോം മക്കര്‍ത്തിയുടെ “സ്‌പോട്ട്‌ലൈറ്റ്’ മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ സ്വന്തമാക്കി. “ദി റെവെനന്റ്’എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ലിയോനാര്‍ഡോ ഡികാപ്രിയോയാണ് മികച്ച അഭിനേതാവ്. “റൂം’ലെ അഭിനയത്തിലൂടെ ബ്രി ലാര്‍സന്‍ മികച്ച അഭിനേത്രിക്കുള്ള പുരസ്കാരം സ്വന്തമാക്കി.
ഓസ്‌ട്രേലിയന്‍ സംവിധായകന്‍ ജോര്‍ജ് മില്ലറുടെ സംവിധാനം മാഡ്മാക്‌സ് ഫ്യൂറി റോഡ് ആറു പുരസ്കാരങ്ങള്‍ സ്വന്തമാക്കി. വസ്ത്രാലങ്കാരം, കലാസംവിധാനം, മേയ്ക്ക് അപ്പ്, എഡിറ്റിംഗ്, ശബ്ദ എഡിറ്റിംഗ്, ശബ്ദമിശ്രണം എന്നീ പുരസ്കാരങ്ങളാണ് “മാഡ്മാക്‌സിനെ’തേടിയെത്തിയത്. ദി റെവെനന്റിനെ സംവിധായകന്‍ അലെസാന്‍ന്ദ്രോ ഇനാരിറ്റുവാണ് മികച്ച സംവിധായകന്‍. ഇമ്മാനുവല്‍ ലുബേസ്കിയാണ് (ദി റെവെനന്റ്) മികച്ച ഛായാഗ്രാഹകനുള്ള ഓസ്കര്‍ നേടിയത്. ലുബേസ്കിയുടെ തുടര്‍ച്ചയായ മൂന്നാം ഓസ്കര്‍ പുരസ്കാരമാണ്.
“ബ്രിഡ്ജ് ഓഫ് സ്‌പൈസ്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടനുള്ള ഓസ്കറിന് മാര്‍ക്ക് റൈലന്‍സ് തെരഞ്ഞെടുക്കപ്പെട്ടു. ദി ഡാനിഷ് ഗേളിലെ അഭിനയത്തിലൂടെ അലീഷ്യ വികാന്‍ഡര്‍ മികച്ച സഹനടിക്കുള്ള ഓസ്കര്‍ കരസ്ഥമാക്കി.
മറ്റു പ്രധാന പുരസ്കാരങ്ങള്‍- മികച്ച ഒറിജിനല്‍ തിരക്കഥ: സ്‌പോട്ട്‌ലൈറ്റ് മികച്ച അഡാപ്റ്റഡ് തിരക്കഥ: ദി ബിഗ് ഷോര്‍ട്ട്. വസ്ത്രാലങ്കാരം: മാഡ് മാക്‌സ്: ഫ്യൂറി റോഡ് പ്രൊഡക്ഷന്‍ ഡിസൈന്‍: മാഡ് മാക്‌സ്: ഫ്യൂറി റോഡ്, ചിത്രസംയോജനം: മാര്‍ഗരറ്റ് സക്‌സല്‍ (മാഡ്മാക്‌സ്) മികച്ച ശബ്ദലേഖനം: മാര്‍ക്ക് മാന്‍ജിനി, ഡേവിഡ് വൈറ്റ് (ചിത്രം: മാഡ് മാക്‌സ്) മികച്ച ദൃശ്യ വിസ്മയം: ആന്‍ഡ്ര്യു വൈറ്റ്‌ഹേസ്റ്റ് (ചിത്രം: എക്‌സ് മാച്ചിന) മികച്ച ആനിമേറ്റ് ഷോര്‍ട്ട്ഫിലിം: ഗബ്രിയല്‍ ഒസോറിയോ, പാറ്റോ എസ്കാല (ചിത്രം: ബെയര്‍ സ്‌റ്റോറി) മികച്ച ആനിമേഷന്‍ ചിത്രം: പീറ്റ് ഡോക്ടര്‍, യോനാസ് റിവേര (ചിത്രം: ഇന്‍സൈഡ് ഔട്ട്), മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം: സ്റ്റട്ടറര്‍ മികച്ച വിദേശഭാഷാ ചിത്രം: സണ്‍ ഓഫ് സോള്‍ (ഹംഗറി) മികച്ച പശ്ചാത്തല സംഗീതം: എന്നിയോ മോറികോണ്‍ (ചിത്രം: ദി ഹേറ്റ്ഫുള്‍ എയ്റ്റ്) മികച്ച ഗാനം: സാം സ്മിത്ത് (സ്‌പെക്ടറിലെ റൈറ്റിങ് ഓണ്‍ ദി വാള്‍ എന്ന ഗാനം).