ബെര്‍ലിന്‍: ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ വിയനയിലെ ജന്മഗൃഹം സ്വകാര്യ ഉടമസ്ഥരില്‍നിന്ന് പിടിച്ചെടുക്കാന്‍ ഓസ്ട്രിയയുടെ ശ്രമം. നിയമപരമായ വഴികളിലൂടെ സ്വത്തിന്മേലുള്ള അവകാശം സര്‍ക്കാറിന്റേതാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിലവില്‍ വീട് കൈവശം വയ്ക്കുന്നയാള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരവും നല്‍കും.
1889 ഏപ്രില്‍ 20ന് അപ്പര്‍ ഓസ്ട്രിയയിലെ ബ്രോണാവുവിലെ മൂന്നുനില കെട്ടിടത്തിലാണ് ഹിറ്റ്‌ലര്‍ ജനിച്ചത്. ഹിറ്റ്‌ലര്‍ ആരാധകര്‍ ആരെങ്കിലും കെട്ടിടം കൈവശപ്പെടുത്തിയാല്‍ ഹിറ്റ്‌ലറുടെ ജന്മഗൃഹത്തെ ഹിറ്റ്‌ലര്‍ മ്യൂസിയമായി മാറ്റുമെന്നും അതോടെ ബ്രോണാവുവിലെ ജന്മഗൃഹം കാണാന്‍ നാസി അനുഭാവികളുടെ പ്രവാഹം ഉണ്ടാകുമെന്നും ഓസ്ട്രിയ ഭയന്നിരുന്നു.
നിലവില്‍ ബുദ്ധിമാന്ദ്യമുള്ളവര്‍ക്കു വേണ്ടിയുള്ള ഭവനമാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. നേരത്തേ പബ്ലിക് ലൈബ്രറി, ബാങ്ക് കെട്ടിടം, സ്കൂള്‍, സാങ്കേതിക ഇന്‍സ്റ്റിറ്റിയൂട്ട് എന്നിങ്ങനെ പല സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഉടമസ്ഥരായ പോമ്മര്‍ കുടുംബത്തില്‍നിന്ന് കെട്ടിടം വിലയ്ക്ക് വാങ്ങാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഹിറ്റ്‌ലറുടെ ജന്മദിനത്തിന് എല്ലാവര്‍ഷവും നാസികള്‍ ഇവിടെ പ്രകടനം നടത്താറുണ്ട്.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍