വൈപ്പിന്‍: വൈപ്പിന്‍ കരയിലെ ജിംനേഷ്യം സെന്ററുകളിലും ഹെല്‍ത്ത് ക്ലബ്ബുകളിലും എക്‌സൈസും ആരോഗ്യവകുപ്പും സംയുക്തമായി മിന്നല്‍ പരിശോധന നടത്തി. ദേഹപുഷ്ടിക്കായി ആരോഗ്യത്തിനു ഹാനികരമാകുന്ന രാസവസ്തുക്കള്‍ ചേര്‍ന്നിട്ടുള്ള ഗുളികകളും പ്രോട്ടീന്‍ അടങ്ങിയ പൊടികളും ഇവിടെ പരിശീലനത്തിനെ ത്തുന്നവര്‍ക്ക് നല്‍കുന്നുണ്ടെന്ന പരാതിയിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ പലയിടത്ത് നിന്നും പലവിധത്തിലുള്ള ഗുളികളും പൊടികളും അധികൃതര്‍ പിടിച്ചെടുത്തു.
പലതും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കഴിക്കേണ്ടവയാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ ജെറി ബെനഡിക്ട് അറിയിച്ചു. മൊത്തം നാല് കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. കൂടാതെ പള്ളിപ്പുറം മുനമ്പം മേഖലയില്‍ പത്ത് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി നിരോധിച്ച പാന്‍ പരാഗ് ഉല്പന്നങ്ങളും പിടികൂടിയിട്ടുണ്ട്. മുനമ്പത്ത് മത്സ്യബന്ധന ബോട്ടിലെ കുളച്ചല്‍ തൊഴിലാളികളെ ഉദ്ദേശിച്ച് വളരെ മാരകമായ പാന്‍ ഉല്‍പ്പന്നങ്ങളാണ് ചില വ്യാപാരികള്‍ വിറ്റു വരുന്നതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ ചൂണ്ടിക്കാട്ടി.