അക്കുത്തിക്കുത്താന ഒരു ഓര്‍മപ്പെടുത്തല്‍

Akki0411പേരുപോലെ തന്നെ കുട്ടിക്കാലത്തേക്ക് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്ന കുട്ടിപ്പടമാണ് അക്കുത്തിക്കുത്താന. പോയിമറഞ്ഞ കുട്ടിക്കാലത്തേക്ക് ഒരു എത്തിനോട്ടമാണ് ഈ കുട്ടിപ്പടമെന്ന് ഒറ്റവാക്കില്‍ പറയാം. പഴയകാലവും പുതിയകാലവും തമ്മില്‍ താരതമ്യപ്പെടുത്തലാണ് ചിത്രത്തിന്റെ കഥാ ബിന്ദു. കംപ്യൂട്ടറിന്റെയും സ്മാര്‍ട്ട് ഫോണുകളുടെയും വരവോടു കൂടി മലയാളി നഷ്ടമാക്കിയ കുട്ടിക്കാലശീലങ്ങളുടെ ഓര്‍മപ്പെടുത്തലും പുതിയ തലമുറയിലെ കുട്ടികള്‍ അനുഭവിക്കുന്ന ‘ഇല്ലാത്ത’ ടെന്‍ഷനുകളുമാണ് ഈ കൊച്ചുചിത്രത്തിലുള്ളത്.

കുട്ടിക്കാലത്ത് സ്കൂള്‍ വിട്ട് വരുമ്പോള്‍ പുല്ലേച്ചവിട്ടി കളിച്ചതും അവധി ദിനങ്ങളില്‍ ചെറുതോടുകളില്‍ തോര്‍ത്ത് വീശി പരല്‍മീനുകളെ പിടിച്ചതുമായ പോയ്മറിഞ്ഞ നിരവധി ഓര്‍മകളെ ഓര്‍മപ്പെടുത്തുന്നുണ്ട് അക്കുത്തിക്കുത്താന. അതുപോലെതന്നെ നാലുചുവരുകള്‍ക്കുള്ളില്‍ ടെക്‌നോളജിയുടെ ചെറുസ്ക്രീനുകള്‍ക്കിടയില്‍ കുരുങ്ങി ശ്വാസം മുട്ടുന്ന പുതുതലമുറയെയും വരച്ചുകാട്ടുന്നുണ്ട് ഈ ചെറുചിത്രം. യൂട്യൂബില്‍ റിലീസ് ചെയ്ത് ചുരുങ്ങിയ ദിനം കൊണ്ട് പ്രേക്ഷകശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കുരിയാച്ചന്‍ മാനുവല്‍ ആണ്. കാമറ- ജിവിത്ത് അബ്രഹാം, തിരക്കഥ,സംഭാഷണം- ടോസിന്‍ ടോം. ഫേസ്ബുക്ക് ഓണ്‍ലൈന്‍ ഫിലിം പ്രമോഷന്‍പേജായ ഫിലിമി പാണ്ടയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related posts