ബാലരാമപുരം:സ്വന്തമായി കെട്ടിടം ഉണ്ടായിട്ടും കുടുസുമുറിയില്‍ പ്രവര്‍ത്തിക്കുന്ന ആംഗന്‍വാടിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ബാലരാമപുരം വണികര്തെരുവ് ലക്ഷം വീട് കോളനിയിലെ 39-ാം നമ്പര്‍ ആംഗന്‍വാടിയാണ് പരിതാപകരമായ അവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നത്.വണികര്‍ തെരുവില്‍ ജലസംഭരണി നിര്‍മിക്കാനായി ആംഗന്‍ വാടി കെട്ടിടം പൊളിച്ച് മാറ്റാനാണ് ഒഴിപ്പിച്ചത്. എട്ട് മാസം മുമ്പാണ് നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് സ്വന്തം കെട്ടിടത്തില്‍ നിന്ന് പഞ്ചായത്ത് ഓഫീസിലെ കാര്‍ ഷെഡിനോട് ചേര്‍ന്ന് ആംഗന്‍വാടി മാറ്റിയത്.
കാര്‍ഷെഡ് മതില്‍കെട്ടി തിരിച്ച മുറിയിലാണ് ഇപ്പോള്‍ ആംഗന്‍വാടി പ്രവര്‍ത്തിക്കുന്നത്.ലക്ഷംവീട് കോളനിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 19 കുട്ടികള്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ പത്ത് കുട്ടികള്‍ മാത്രമാണ് ഇവിടെ വരുന്നത്.കോളനിയില്‍ നിന്നും മാറ്റിയോടെ കോളനിയിലെ കുട്ടികള്‍ വരാതായി. 600 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമെങ്കിലും ആംഗന്‍വാടിക്ക് വേണമെന്നാണ് സാമൂഹ്യക്ഷേമവകുപ്പിന്റെ കര്‍ശന നിര്‍ദേശം.കഷ്ടിച്ച് 200 സ്ക്വയര്‍ ഫീറ്റ് മാത്രമാണ് നിലവിലെ മുറിക്കുള്ളത്.കുട്ടികള്‍ക്ക് അകത്തും പുറത്തും കളിക്കാനുള്ള സ്ഥലം,കുട്ടികള്‍ക്ക് കിടക്കാനുള്ള സ്ഥലം,സ്റ്റോക്ക് റൂം,അടുക്കള,ടോയ്ലറ്റ്,ചുറ്റുമതില്‍,കിണര്‍ തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങളൊക്കെ സ്വപ്നം മാത്രം.
ഒറ്റമുറിയിലാണ് ഇതെല്ലാം നടക്കുന്നത്. ആംഗന്‍വാടി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് പിന്നിലെ കുറ്റിക്കാട്ടില്‍ നിന്ന് അടിക്കടി ഇഴജന്തുക്കള്‍ കയറി വരുന്നതില്‍ രക്ഷകര്‍ത്താക്കള്‍ ഭീതിയിലാണ്. മേല്‍ക്കൂരയുടെ ഓവിലൂടെ ഒഴുകുന്ന മഴവെള്ളം മുന്‍വശത്ത് കൂടി അകത്ത് തെറിച്ചു വീഴുന്നത് മഴക്കാലത്ത് ഏറെ പ്രശ്നം ഉണ്ടാക്കുന്നതായി പരാതി ഉണ്ട്.അടുക്കള ഭാഗത്തെ എലിശല്യവും ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നതായും ആക്ഷേപമുണ്ട്.പരുക്കന്‍ തറയോട് കൊണ്ടുള്ള നിലത്താണ് കുട്ടികള്‍ കിടക്കുന്നത്. വിവിധ രോഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പിനും തുള്ളി മരുന്ന് നല്‍കാനും കൈക്കുഞ്ഞുങ്ങളുമായി ആളുകള്‍ എത്താറുള്ള ഇവിടെ അവര്‍ക്ക് ഇരിക്കാന്‍ പോലുമുള്ള സൗകര്യമില്ല.
കൗമാരപ്രായക്കാരായ യുവതികള്‍ക്കുള്ള ഗുളിക വാങ്ങാന്‍ വരുന്നവരും ബുദ്ധിമുട്ടുന്നുണ്ട്.വൃദ്ധജനങ്ങള്‍ക്കും കൗമാരപ്രായക്കാര്‍ക്കും പ്രത്യേകം പ്രത്യേകം ക്ലബ്ബുകള്‍ ഉണ്ടെങ്കിലും അവ പ്രവര്‍ത്തിക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ കടലാസിലാണ്. മതിയായ സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറാന്‍ അധികൃര്‍ നിര്‍ബന്ധിക്കുന്നെങ്കിലും ബാലരാമപുരം ടൗണ്‍ പ്രദേശമായ വണികര്‍ തെരുവില്‍ ഒരു കെട്ടിടം വാടകക്ക് എടുക്കാന്‍ 20,000 രൂപയെങ്കിലും അഡ്വാന്‍സും 3000 രൂപയെങ്കിലും വാടകയും നല്‍കണം.
വകുപ്പ് വാടകയായി അനുവദിക്കുന്നത് മാസം 750 രൂപയാണ്.കുറവ് വരുന്ന ബാക്കി തുക 5600 രൂപ ശമ്പളമുള്ള ആംഗന്‍വാടി വര്‍ക്കറും 4100 രൂപ ശമ്പളമുള്ള ഹെല്‍പ്പറും നല്‍കേണ്ടി വരും.അഡ്വാന്‍സ് തുകയും അവര്‍ തന്നെ കണ്ടെത്തണം. മാസം 400 രൂപ വീതം ഗ്രാമപഞ്ചായത്ത് പ്രോജക്ട് വച്ച് പാസാക്കിയ വാടക തുകയില്‍ തന്നെ 2015 ഫെബ്രുവരി വരെയുള്ള തുകയാണ് കിട്ടിയിട്ടുള്ള്.2015 മാര്‍ച്ച് മുതല്‍ 2016 ഫെബ്രുവരി വരെയുള്ള തുക ഇതുവരെ കിട്ടിയിട്ടുമില്ല.