അഞ്ചോളം ഓട്ടോ അടിച്ചു തകര്‍ത്ത കേസിലെ പ്രതി ഒരു കിലോ കഞ്ചാവുസഹിതം പിടിയില്‍

tvm-kanchavuarrestപോത്തന്‍കോട്: മംഗലപുരം പതിനാറാം മൈലിലെ ഓട്ടോ സ്റ്റാന്‍ഡില്‍  കഞ്ചാവ് ലഹരിയില്‍ എത്തി അഞ്ചോളം ഓട്ടോകള്‍ അടിച്ചു തകര്‍ക്കുകയും തടയാനെത്തിയ ഓട്ടോഡ്രൈവറെ വെട്ടി പരിക്കേല്‍പ്പിച്ചു രക്ഷപ്പെടുകയും ചെയ്ത പ്രതിയെ  ഒരു കിലോ കഞ്ചാവുസഹിതം മംഗലപുരം പോലീസ് പിടികൂടി. വെയിലൂര്‍ കൈലാത്തുകോണം പൂത്താക്കള്‍ വീട്ടില്‍ വിന്‍സെന്റ് (30) ആണ് പിടിയിലായത്. തിങ്കളാഴ്ച  രാത്രി 9.30 ഓടെ പതിനാറാംമൈലില്‍  പെട്രോള്‍ പമ്പിനു എതിര്‍ വശത്തുള്ള ഓട്ടോ സ്റ്റാന്റില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

കുറച്ചുനാള്‍ മുമ്പ് സവാരി വിളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് വനിതാ ഓട്ടോ ഡ്രൈവറുടെ ഓട്ടോ അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യത്തില്‍  ഇറങ്ങിയ പ്രതി  വൈരാഗ്യത്തോടെ എത്തി അഞ്ചോളം ഓട്ടോ അടിച്ചു തകര്‍ത്തു രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരത്തോടെ  ഒരു കിലോ കഞ്ചാവു സഹിതം പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയുടെ വെട്ടേറ്റ മംഗലപുരം പാട്ടത്തില്‍ വീട്ടില്‍ സലാം (37)നെ നിസാര പരിക്കുകളോടെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിടിയിലായ പ്രതി  ആറ്റിങ്ങല്‍, വര്‍ക്കല, ചിറയിന്‍കീഴ്, അഞ്ചുതെങ്ങ്, മംഗലപുരം പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസിലെ പ്രതിയാണ്. തിരുവനന്തപുരം റൂറല്‍ എസ്പി ഷെഫിന്‍ അഹമദ് ആറ്റിങ്ങല്‍ ഡിവൈഎസ്പി ടി. അജിത്ത് കുമാര്‍ ,സിഐ എസ് .ഷാജി, എസ്‌ഐ പ്രസാദ് , ഹരി ,സലില്‍, വാമദേവന്‍, മനോജ്, ബിനു, ബിനീഷ് എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി .

Related posts