സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്ന വീഡിയോ വൈറലാവുന്നു; പണ്ഡിറ്റ് അഭിനയം പഠിച്ചെന്ന് മലയാളികള്‍

panditസന്തോഷ് പണ്ഡിറ്റ് മുഖ്യധാരാ സിനിമയില്‍ അഭിനയിക്കുന്ന വാര്‍ത്ത വന്നതു മുതല്‍ മലയാളികള്‍ നെറ്റി ചുളിക്കാന്‍ തുടങ്ങിയതായിരുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തില്‍ മുഴുനീള വേഷത്തിലാണ് പണ്ഡിറ്റ് എത്തുന്നതെന്നു കൂടി കേട്ടതോടെ സിനിമാപ്രേമികള്‍ക്ക് കൂടുതല്‍ ആകാംക്ഷയായി. എന്നാല്‍ സിനിമയില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിച്ച ഭാഗത്തിന്റെ വീഡിയോ പുറത്തു വന്നതോടെ മലയാളികളുടെ ആശങ്ക മാറി.  സന്തോഷ് പണ്ഡിറ്റ് അഭിനയിക്കാന്‍ പഠിച്ചെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. ഇതുവരെ കാണാത്ത വിധത്തിലുള്ള ഗെറ്റപ്പിലാണ് താരം മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. എന്തായാലും സ്ഥിരം സന്തോഷ് പണ്ഡിറ്റ് ചിത്രങ്ങളിലേതിനേക്കാള്‍ പക്വതയുള്ള അഭിനയമാണ് പുറത്തുവന്ന വീഡിയോയില്‍ കാണാന്‍ കഴിയുന്നത്.

ക്യാമ്പസ് പഞ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം പ്രധാനറോളിലാണ് സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ നിറഞ്ഞ ക്യാമ്പസിലേക്ക് അതിലും കുഴപ്പക്കാരനായ അധ്യാപകന്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. പുലിമുരുകനിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായ ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ്‌ഗോപി, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍, പാഷാണം ഷാജി, ബിജുക്കുട്ടന്‍, ദിവ്യദര്‍ശന്‍, സുനില്‍ സുഖദ, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍, ക്യാപ്റ്റന്‍ രാജു, ശിവജി ഗുരുവായൂര്‍, വരലക്ഷ്മി, പൂനം ബജ്വ, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച്. മുഹമ്മദ് നിര്‍മിക്കുന്ന ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തും. 2011ല്‍ കൃഷ്ണനും രാധയും എന്ന ചിത്രവുമായി മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച സന്തോഷ് പണ്ഡിറ്റിന്റെ സിനിമകള്‍ ഏറെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും സാമ്പത്തികമായി വിജയമായിരുന്നു.അടുത്തിടെ പല സാമൂഹിക വിഷയങ്ങളിലും സന്തോഷ് പണ്ഡിറ്റ് ശ്രദ്ധേയമായ പ്രതികരണങ്ങള്‍ നടത്തിയിരുന്നു.

Related posts