സ്മാര്‍ട്ട്ഫോണിന് പരമാവധി എത്രരൂപ ചെലവാക്കാം എന്നത് പലരും പലവട്ടം ചര്‍ച്ച ചെയ്തിട്ടുള്ള വിഷയമാണ്. ഓരോരുത്തരുടെ പോക്കറ്റിന്റെ കനംപോലെ എന്നു ചുരുക്കത്തില്‍ മറുപടി പറയാമെന്നുമാത്രം. ആപ്പിളിന്റെ ഐഫോണ്‍ 5 ബ്ലാക്ക് ഡയമണ്ട് ഏതാണ്ടു കോടിയോളം മുടക്കി വാങ്ങാന്‍ ആളുണ്ടായ ലോകമാണ് ഇതെന്നും ഓര്‍ക്കണം. ബ്രിട്ടനിലെ വെര്‍ട്ടു എന്ന കമ്പനിയും ഒരുകോടിക്കു മുകളില്‍ വിലയുള്ള ഫോണുകള്‍ വില്‍ക്കുന്നുണ്ട്. ഇത്ര രൂപ മുടക്കാന്‍ എന്താണ് ഇതിലുള്ളത് എന്നൊന്നും ചോദിക്കരുത്.
ആഡംബര ഫോണുകളിലുടെ നിരയിലേക്ക് ഇതാ ഒരു പുതിയ ബ്രാന്‍ഡ് കൂടി വരുന്നു. ഒരു ബ്രിട്ടീഷ്-ഇസ്രേലി സ്റ്റാര്‍ട്ട്അപ്പാണ് ഏതാണ്ട് 13 ലക്ഷം രൂപ വിലയുള്ള ഫോണ്‍ വിപണിയിലെത്തിക്കുന്നത്. അടുത്തമാസം വില്പനതുടങ്ങുന്ന ഫോണില്‍ ചിന്തിക്കാനാവാത്ത വിധത്തിലുള്ള സാങ്കേതിവിദ്യകളും അതിഗംഭീര സെക്യൂരിറ്റിയുമാണ് ഉള്ളതെന്ന് സിരിന്‍ ലാബ് എജി എന്ന കമ്പനി അറിയിക്കുന്നു. സ്വകാര്യ സംരംഭകരില്‍നിന്ന് കോടിക്കണക്കിനു ഡോളര്‍ സ്വരൂപിച്ചാണ് ഈ ഫോണ്‍ പുറത്തിറക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതെന്ന് വാര്‍ത്തകള്‍ പറയുന്നു. വന്‍കിട കമ്പനികളുടെ എക്സിക്യുട്ടീവുമാരെ ലക്ഷ്യമിടുന്ന ഫോണ്‍ വില്ക്കാന് ലണ്ടനില്‍ ആദ്യ സ്റ്റോര്‍ അടുത്തമാസം തുറക്കും.
വിപണിയില്‍ ലഭ്യമല്ലാത്ത അത്യാധുനിക ടെക്നോളജിയാവും ഫോണില്‍ ഉണ്ടാവുകയെന്ന് സിരിന്‍ സഹസ്ഥാപകനായ മോഷി ഹോഗെജ് പറയുന്നു. സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള സുരക്ഷയും ഫോണ്‍ നല്‍കുമെന്നാണ് അവകാശവാദം. ആന്‍ഡ്രോയ്ഡ് തന്നെയായിരിക്കും അടിസ്ഥാനമെങ്കിലും പൊതുവിപണിക്കു രണ്ടുമുതല്‍ മൂന്നു വര്‍ഷം വരെ മുന്നിലായിരിക്കും സാങ്കേതികവിദ്യയെന്നും അദ്ദേഹം പറയുന്നു.
അമേരിക്കയിലും യൂറോപ്പിലുമുള്ള ആയിരക്കണക്കിന് എക്സിക്യുട്ടീവുമാര്‍ ഫോണിന്റെ വിലയായ ഇരുപതിനായിരം ഡോളര്‍ നിഷ്പ്രയാസം മുടക്കുമെന്നാണേ്രത കമ്പനിയുടെ പ്രതീക്ഷ. സാധാരണ ഫോണുകള്‍ ആരെങ്കിലും ഹാക്ക് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്തിയെടുത്താല്‍ അതിനേക്കാള്‍ വലിയ തുകയ്ക്കുള്ള നഷ്ടമുണ്ടാകുമെന്ന ചിന്തയാണ് ഈ പ്രതീക്ഷയുടെ അടിസ്ഥാനം.
സ്വര്‍ണവും രത്നവും ഉപയോഗിച്ചു നിര്‍മിക്കുമ്പോഴാണ് ഫോണുകള്‍ ആഡംബര വസ്തുക്കളാകുന്നതും വില കോടികളിലേക്കു കുതിക്കുന്നതും. ഈ ഫോണ്‍ അത്തരത്തിലുള്ളതാവില്ല എന്നാണ് പുറത്തുവരുന്ന സൂചനകള്‍.
അതേസമയം എന്താണ് ഈ അത്യാധുനിക ടെക്നോളജി എന്നാണ് ഈ രംഗത്തെ നിരീക്ഷകരടെ ചോദ്യം. വിപണിയില്‍ ലഭ്യമല്ലാത്ത ഒരു സാങ്കേതികവിദ്യയും നിലവിലില്ല എന്നതാണ് അവരുടെ പക്ഷം. അത്രയ്ക്കും കഴുത്തറപ്പന്‍ മത്സരമാണ് നടക്കുന്നത്. ഒരു സാധാരണ ആന്‍ഡ്രോയ്ഡ് ഫോണ്‍ മാത്രമായിരിക്കും ഇതെന്ന് അവര്‍ പറയുന്നു. ശ്രദ്ധിക്കപ്പെടാനുള്ള അടവുകള്‍ മാത്രമാണ് വാര്‍ത്തകളെന്നാണ് അവരുടെ പക്ഷം. ഹാക്കര്‍മാരുടെ ശ്രദ്ധ എളുപ്പത്തില്‍ പതിയുന്നതോടെ ഏറ്റവും കൂടുതല്‍ ആക്രമണം നേരിടേണ്ടിവരിക ഇത്തരം ഫോണുകള്‍ക്കായിരിക്കും. ഡാറ്റയെക്കുറിച്ച് ആശങ്കയുള്ളവര്‍ എല്ലാവരും ഉപയോഗിക്കുന്നതരം സ്മാര്‍ട്ട്ഫോണ്‍ മാത്രം ഉപയോഗിക്കാനാണ് അവരുടെ നിര്‍ദേശം.
-വി.ആര്. ഹരിപ്രസാദ്