അധികൃതര്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയില്‍ പേരൂര്‍ നിവാസികള്‍

KTM-PALAMഏറ്റുമാനൂര്‍: അപകടം പതിയിരിക്കുന്ന കരിമ്പന പാലത്തെക്കുറിച്ചു വര്‍ഷങ്ങളായി തങ്ങള്‍ നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ച അധികൃതര്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെന്നു പേരൂര്‍ നിവാസികള്‍. പാലത്തില്‍നിന്നു തോട്ടിലേക്കു കാര്‍ മറിഞ്ഞ് യുവാവ് മരിച്ചതു ചൊവ്വാഴ്ച രാത്രിയിലാണ്. തങ്ങളുടെ മുന്നറിയിപ്പു മുഖവിലയ്‌ക്കെടുക്കാന്‍ അധികൃതര്‍ തയാറായിരുന്നെങ്കില്‍ വിലപ്പെട്ട ഒരു ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. ഇനിയും ഒരു ദുരന്തത്തിനു കാത്തുനില്‍ക്കാതെ പാലം വീതികൂട്ടി പുതുക്കിപ്പണിയണമെന്ന അപേക്ഷയും അവര്‍ക്കുണ്ട്

ഏറ്റുമാനൂര്‍-പേരൂര്‍-പൂവത്തുംമൂട് റോഡില്‍ പുളിമൂട്, വെച്ചൂര്‍ കവലകള്‍ക്കു മധ്യത്തിലായാണു കരിമ്പനപാലം. വീതികുറഞ്ഞ പാലത്തില്‍കൂടി കഷ്ടിച്ച് ഒരു വാഹനത്തിനു കടന്നുപോകാം. ബസോ ലോറിയോ കയറിയാല്‍പ്പിന്നെ കാല്‍നടക്കാര്‍ക്കുപോലും ഇടമില്ല. പതിറ്റാണ്ടുകളുടെ പഴക്കമുള്ള പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ക്കു പാലത്തേക്കാള്‍ ഏറെ വീതിയുണ്ട്. പലതവണ റോഡിനു വീതി കൂട്ടിയപ്പോഴും പാലം പഴയപടിതന്നെ നിലനിര്‍ത്തുകയായിരുന്നു.

വളവ് തിരിഞ്ഞുവരുമ്പോള്‍ മാത്രമാണ് ഇടുങ്ങിയ പാലം കാണാനാകുന്നത്. വാഹനം വേഗത്തിലാണു വരുന്നതെങ്കില്‍ അപകടം ഉറപ്പാണ്. നാട്ടുകാര്‍ പാലത്തിന്റെ ഇരുവശങ്ങളിലും വീപ്പവച്ചാണു വാഹനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നത്. നാട്ടുകാരുടെ ഈ ജാഗ്രതയിലാണ് ഇതുവരെ ഇവിടെ അപകടം ഉണ്ടാകാതിരുന്നത്. ഒടുവില്‍ നാട്ടുകാര്‍ ഭയന്നതു സംഭവിക്കുതന്നെ ചെയ്തു. ആദ്യ അപകടത്തില്‍ത്തന്നെ ഒരു ജീവനും നഷ്ടപ്പെട്ടു.

പാലത്തിന്റെ ഇരുവശങ്ങളിലും അടിയന്തരമായി മുന്നറിയിപ്പു സൂചന നല്‍കുന്ന ബോര്‍ഡ് സ്ഥാപിക്കണം. ഇനിയും ഒരു ദുരന്തമുണ്ടാകും മുമ്പേ പാലം വീതികൂട്ടി പുനര്‍നിര്‍മിക്കണം. അതിനുള്ള നടപടികള്‍ കാലവിളംബമില്ലാതെ ഉണ്ടാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Related posts