കോട്ടയം: പൊൻകുന്നത്ത് സ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകരുടെ വാഹനം ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്. പാലാ – പൊൻകുന്നം റോഡിലെ ഒന്നാം മൈലിലാണ് അപകടം ഉണ്ടായത്. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിന്റെ ബസാണ് അപകടത്തില്പ്പെട്ടത്.
കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ ബസ് സ്കൂൾ ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടസമയത്ത് നാലു കുട്ടികളും ആയയും മാത്രമാണ് സ്കൂൾ ബസിൽ ഉണ്ടായിരുന്നത്.
കുട്ടികൾക്കു പുറമേ ഒരു തീർഥാടകനും പരിക്കേറ്റു. അപകട സമയത്ത് റോഡിലേക്ക് തെറിച്ച് വീണാണ് തീർഥാടകന് പരിക്കേറ്റത്. ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, കുട്ടികൾക്ക് ആർക്കും ഗുരുതര പരിക്കില്ല. തീർഥാടകരുമായി അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങൾക്ക് അമിത വേഗതയെന്ന് നാട്ടുകാർ.

