അനാദായ സ്കൂളുകളില്‍ നിയമനങ്ങളില്ല, പ്രഥമാധ്യാപകര്‍ മാത്രം

tvm-schoolപത്തനംതിട്ട: അനാദായകരമെന്നു മുദ്രകുത്തിയ എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞതോടെ ജില്ലയിലെ 50ഓളെ പ്രൈമറി സ്കൂളുകള്‍ ഏകാധ്യാപക വിദ്യാലയങ്ങളായി. 2006 മുതല്‍ അനാദായ സ്കൂളുകളിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ പൂര്‍ണമായി തടഞ്ഞിരിക്കുകയാണ്. ഇത്തരം സ്കൂളുകളില്‍ ജോലിയിലുണ്ടായിരുന്ന അധ്യാപകര്‍ വിരമിക്കുകയോ സ്ഥലംമാറ്റപ്പെടുകയോ ചെയ്തപ്പോള്‍ പ്രഥമാധ്യാപകര്‍ മാത്രമായി ചുരുങ്ങി. ഒരു ക്ലാസില്‍ 15 കുട്ടികളും നാല് ക്ലാസുകളിലായി 60 കുട്ടികളുമില്ലാത്ത സ്കൂളുകളെയാണ് അനാദായ പട്ടികയിലുള്‍പ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ മാത്രം ഇത്തരം നൂറുകണക്കിനു വിദ്യാലയങ്ങളുണ്ട്. എല്‍പി, യുപി സ്കൂളുകളാണ് ഏറെയും.

സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം വിദ്യാലയങ്ങള്‍ അധ്യാപകരുടെ കുറവുകൊണ്ടു മാത്രം വിദ്യാഭ്യാസ നിലവാരത്തിലും പിന്നോക്കം പോകുന്നു. അനാദായ സ്കൂളുകളില്‍ നിയമനം പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് 2006 മുതല്‍ പ്രാബല്യത്തില്‍ വന്നതാണ്. 1998 മുതല്‍ തന്നെ അനാദായ സ്കൂളുകളെ വേര്‍തിരിച്ചിരുന്നെങ്കിലും നിയമനം അംഗീകരിച്ചുവരികയായിരുന്നു. ഇത്തരം സ്കൂളുകളില്‍ ക്ലാസുകള്‍ക്ക് അനുസരിച്ച് തസ്തിക അനുവദിച്ചു നല്‍കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഉത്തരവിന്റെ ചുവടുപിടിച്ച് നിയമനം തടഞ്ഞിരിക്കുകയാണ്. മാനേജര്‍മാര്‍ നടത്തിയ നിയമനങ്ങള്‍ അംഗീകരിക്കാതെ വന്നതോടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു.

ഇടയ്ക്കു ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ നിര്‍ദേശിച്ചെങ്കിലും ഇതും അംഗീകരിക്കാതെ വന്നതോടെ ജോലിക്കു കയറിയവര്‍ പിന്‍വാങ്ങി. പ്രഥമാധ്യാപകര്‍ മാത്രമുള്ള സ്കൂളുകളില്‍ അധ്യയനം താളംതെറ്റുകയാണ്. നാല് ക്ലാസുകളുള്ള സ്കൂളില്‍ ക്ലാസ് നടത്തേണ്ടതും ഭരണനിര്‍വഹണം നടത്തേണ്ടതും ഉച്ചക്കഞ്ഞി തയാറാക്കേണ്ടതുമെല്ലാം പ്രഥമാധ്യാപകന്റെ ഉത്തരവാദിത്വത്തിലായി. ഇതോടൊപ്പമുള്ള കോണ്‍ഫറന്‍സുകള്‍, പരിശീലനങ്ങള്‍ തുടങ്ങിയവയ്ക്കും ഓടിയെത്തണം. പലയിടത്തും പ്രഥമാധ്യാപകര്‍ സ്വന്തം നിലയില്‍ ശമ്പളം നല്‍കി സഹായികളെ വച്ചിരിക്കുകയാണ്.

സ്കൂളുകളെ അടച്ചുപൂട്ടലില്‍ നിന്നൊഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നിയമനം സ്വന്തം നിലയില്‍ നടത്തിയിരിക്കുന്നത്. ചില സ്കൂളുകളില്‍ മാത്രം മാനേജ്‌മെന്റുകള്‍ ശമ്പളം നല്കി താത്കാലിക അധ്യാപകരെ നിയമിച്ചിട്ടുണ്ട്.     കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒരു ഡിവിഷന് ഒരു അധ്യാപകന്‍ വേണമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന അധ്യാപക വിദ്യാര്‍ഥി അനുപാതം പാലിക്കാത്ത സ്കൂളുകളെയാണ് അനാദായമെന്നു മുദ്ര കുത്തിയത്.

പ്രൈമറി സ്കൂളുകളില്‍ നിലവിലുണ്ടായിരുന്ന ഷിഫ്റ്റ് ഒഴിവാക്കി മൂന്നുവര്‍ഷം മുമ്പ് ഉത്തരവുണ്ടായതാണ്. ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ട തസ്തികയില്‍ നിയമിച്ചവരെ ഇതേ സര്‍ക്കാര്‍ തന്നെ അംഗീകരിച്ചിരുന്നില്ല. തസ്തികകള്‍ അനുവദിച്ചു നല്‍കുമ്പോഴും ഉത്തരവുകളുടെ മറപിടിച്ച് ഇവയ്ക്ക് അംഗീകാരം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ മടിക്കുകയാണ്.

Related posts