വടക്കഞ്ചേരി: ആറുവരിപാതയുടെ വികസനം നടക്കുന്ന റോയല്‍ ജംഗ്ഷനില്‍ ഇവിടുത്തെ എല്ലാ റോഡുകളിലൂടെയും വാഹനങ്ങള്‍ കടത്തിവിടുന്നത് ഒഴിവാക്കി ഏതെങ്കിലും ഒരു റോഡിലൂടെ മാത്രം വാഹനങ്ങള്‍ തിരിച്ച് വിട്ട് അപകടങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം ശക്തം.തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഇപ്പോള്‍ തലങ്ങും വിലങ്ങും പായുകയാണ്. പുതിയ സര്‍വീസ് റോഡുവഴിയും വാഹനങ്ങള്‍ അമിത വേഗതയില്പോകുന്നത് വലിയ ദുരന്തങ്ങള്‍ക്ക് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു.
വടക്കഞ്ചേരി ടൗണില്‍ നിന്നും ദേശീയപാതയിലേക്കും കണ്ണമ്പ്ര റോഡിലേക്കും പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കാണ് തോന്നുംമട്ടിലുള്ള ട്രാഫിക് സംവിധാനം അപകടകുരുതിയാകുന്നത്. രണ്ട് ദിശയിലേക്കുള്ള വാഹനങ്ങളും പുതിയ സര്‍വീസ് റോഡിലൂടെ വിടാന്‍ സൗകര്യമാക്കിയാല് അപകടം കുറയ്ക്കാനാകുമെന്ന് പറയുന്നു. പാലക്കാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ റോയല്‍ ജംഗ്ഷനിലെത്തുമ്പോള്‍ ഇടത്തോട്ട് തിരിഞ്ഞാണ് ഇപ്പോള്‍ പുതിയ സര്‍വീസ് റോഡിലേക്ക് കടന്ന് പോകുന്നത്.
ഇത് അപകടസാധ്യത കൂട്ടുമെന്നാണ് വിലയിരുത്തല്‍. ഈ പ്രവേശനം അടച്ച് പുതിയ സര്‍വീസ് റോഡില്‍ ഹമ്പുകള്‍ നിര്‍മിച്ച് ഇതിലൂടെ മാത്രം വാഹനങ്ങള്‍ കടത്തിവിടണം. ബന്ധപ്പെട്ട അധികൃതര്‍ കുറച്ച് സമയം നിന്ന് സ്ഥലത്ത് പരിശോധന നടത്തി അപകടരഹിതമായ ട്രാഫിക് സംവിധാനം നടപ്പാക്കണമെന്നാണ് ആവശ്യം.