അരിമ്പൂര്‍ സമഗ്ര ശുദ്ധജലപദ്ധതി; പെരുമ്പുഴക്കുളം മാറ്റാന്‍ പഞ്ചായത്ത് തീരുമാനംപ്രതിപക്ഷം ഇറങ്ങിപ്പോയി

tcr-kulamഅരിമ്പൂര്‍: പെരുമ്പുഴപ്പാടത്ത് ഒരുവര്‍ഷംമുമ്പ് പണി തുടങ്ങിയ അരിമ്പൂര്‍ സമഗ്ര ശുദ്ധജലപദ്ധതി എറവ് കപ്പല്‍പ്പള്ളിക്ക് എതിര്‍വശത്തുള്ള പഞ്ചായത്ത് കുളത്തിലേക്ക് മാറ്റാന്‍ ഇന്നലെ ചേര്‍ന്ന അരിമ്പൂര്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസിലെ സുധാ സദാനന്ദന്‍, സി. ശില്പ എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തി പഞ്ചായത്ത് യോഗത്തില്‍നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.

വിസ്തൃതിയുള്ള എറവിലെ നിര്‍ദിഷ്ട കുളത്തിനെ ജലസംഭരണിയാക്കി പഞ്ചായത്ത് പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യാനാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനം. ഇതിനുവേണ്ടി നേരത്തെയുള്ള എസ്റ്റിമേറ്റിന് പകരം പുതിയ എസ്റ്റിമേറ്റുണ്ടാക്കും. നേരത്തെ അനുവദിച്ച ജില്ലാ ഗ്രാമപഞ്ചായത്ത് ഫണ്ടുകള്‍ പദ്ധതിക്കുവേണ്ടി വിനിയോഗിക്കും.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പെരുമ്പുഴ തെക്കേഭാഗത്ത് റോഡിനോട് ചേര്‍ന്നുള്ള പഴയ കുളം നവീകരിച്ച് ജലസംഭരണിയാക്കി വെള്ളം ശുദ്ധീകരിച്ച് പമ്പ് ചെയ്ത് പൈപ്പുകള്‍ വഴി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഇതിനുവേണ്ടി ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയില്‍നിന്ന് 2.58 കോടി രൂപയുടെ ഫണ്ട് വകയിരുത്തിയിരുന്നു. ഒന്നാംഘട്ടമായി 20 ലക്ഷം രൂപ ചെലവഴിച്ച് കുളത്തില്‍നിന്ന് ചേറെടുത്ത്  വശങ്ങള്‍ കെട്ടി.

അപ്പോഴേക്കും മഴക്കാലമായി. അത് കഴിഞ്ഞപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പും വന്നു. 2015 ഏപ്രില്‍ മാസത്തില്‍ അന്നത്തെ ജലവിഭവ മന്ത്രി പി.ജെ. ജോസഫാണ് പദ്ധതി നിര്‍മാണോദ്ഘാടനം നടത്തിയത്. അന്ന് ജില്ലാ പഞ്ചായത്തംഗമായിരുന്ന ഇപ്പോഴത്തെ എംഎല്‍എ അനില്‍ അക്കര മുന്‍കൈയെടുത്താണ് പദ്ധതി കൊണ്ടുവന്നത്.

മണലൂര്‍ നിയോജകണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ യോഗത്തില്‍ അരിമ്പൂരിലെ ജില്ലാ പഞ്ചായത്തംഗം കോണ്‍ഗ്രസിലെ അജിതയെ വിളിച്ചില്ലെന്ന് പഞ്ചായത്ത് യോഗത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്ച പഞ്ചായത്ത് യോഗത്തിന്റെ അനുമതിയില്ലാതെ സ്വകാര്യ ആശുപത്രിക്കാരും പഞ്ചായത്തും ചേര്‍ന്ന് സൗജന്യ നേത്രപരിശോധന -തിമിരശസ്ത്രക്രിയ ക്യാമ്പ് നടത്തിയത് ചട്ടലംഘനമാണെന്ന് പ്രതിപക്ഷാംഗങ്ങളായ ശില്പയും സുധാ സദാനന്ദനും കുറ്റപ്പെടുത്തി. പഞ്ചായത്ത് യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹന്‍ദാസ് അധ്യക്ഷയായിരുന്നു.

Related posts