സെബി മാത്യു
ന്യൂഡല്‍ഹി: അവനീഷ് ഇന്ന് അച്ഛന്റെ അനുസരണക്കുട്ടിയായി അലാറം അടിക്കുന്നതിനു മുമ്പേ മിടുമിടുക്കനായി എഴുന്നേല്ക്കും. അച്ഛന് അവനൊരമ്മയെ മിന്നുകെട്ടി കൊണ്ടു വരുമ്പോഴേക്കും പുത്തനുടുപ്പിട്ട് തിളങ്ങി നില്‍ക്കണം. അവനീഷിന്റെ അച്ഛന് ആദിത്യ തിവാരിയുടെ കല്യാണമാണിന്ന്. ജീവിതം തന്നെ ചോര്‍ന്നു പോയേക്കാമായിരുന്ന ഒരു ചെറിയ ദ്വാരം ഹൃദയത്തില്‍ പേറി ജനിച്ച അവനെ സ്നേഹവും കരുതലും കൊണ്ട് പൊതിഞ്ഞു പിടിക്കുന്ന കാര്യത്തില്‍ ആദിത്യയും ഭാര്യയും ഇനിയുള്ള ദിവസങ്ങളില്‍ മത്സരിക്കും.
തന്റെ വിവാഹ ദിവസം അച്ഛന് മകന്് ഉഗ്രനൊരു സമ്മാനവും കരുതിയിട്ടുണ്ട്. അവനീഷിന്റെ ഭാഗ്യത്തിനും സന്തോഷത്തിനുമായി ഇന്‍ഡോര്‍ മൃഗശാലയിലെ ഒരു കടുവയെ ആദിത്യ ദത്തെടുത്തു. ഇനി മുതല്‍ ഈ കടുവയുടെ ഭക്ഷണവും മരുന്നും പരിചരണവും ഉള്‍പ്പടെയുള്ള ചെലവുകള്‍ ആദിത്യയും കുടുംബവും വഹിക്കും.
തന്നെക്കാള്‍ നന്നായി കുഞ്ഞിനെ നോക്കാന്‍ കഴിവും സ്നേഹവമുള്ളയാളാണ് പ്രതിശ്രുത വധുവെന്നും ആദിത്യ പറയുന്നു. തികച്ചും സ്വകാര്യമായ കാരണങ്ങളാല്‍ പ്രതിശ്രുത വധുവിന്റെ പേരും ഇന്‍ഡോറിലെ വിവാഹ വേദിയും വെളിപ്പെടുത്താനാകില്ലെന്നും അവനീഷ് വിവാഹ വീട്ടില്‍ ഏറെ സന്തോഷവാനാണെന്നും ആദിത്യ ഇന്നലെ ദീപികയോടു പറഞ്ഞു.
ആദിത്യ തിവാരി വധുവിന്റെ കഴുത്തില്‍ മിന്നു കെട്ടുമ്പോള്‍ അനുഗ്രഹവര്‍ഷം ചൊരിയാനെത്തുന്ന അതിഥികള്‍ക്കുമുണ്ട് ഒരുപാട് വിശേഷങ്ങള്‍. ഒരിക്കല്‍ പോലും ഒരു മംഗള കര്‍മത്തിനു ക്ഷണിക്കപ്പെട്ട അതിഥികളായി പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്തവരാണ് ഇന്ന് ഇന്‍ഡോര്‍ സ്വദേശി ആദിത്യ തീവാരിയുടെ വിവാഹത്തിന് എത്തുന്നവരിലേറെയും. അനാഥാലയങ്ങളില്‍ നിന്നുള്ളവരും വീടുകളില്ലാത്തവരുമായ 10,000ത്തോളം പേരാണ് വിവാഹ സത്കാരത്തില്‍ പങ്കെടുക്കുന്നത്. വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പുസ്തകങ്ങളും മരുന്നുകളും സമ്മാനമായി നല്‍കും.
ഇതിനുപുറമേ, തെരുവിലെ മൃഗങ്ങള്‍ക്കും കാഴ്ചബംഗ്ളാവിലെ മൃഗങ്ങള്‍ക്കും വിരുന്നു സല്‍ക്കാരം നല്‍കും. വിവാഹശേഷം വരനും വധുവും 100 വൃക്ഷത്തൈകള്‍ നടും. ഇതു കൂടാതെ അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് വിവാഹത്തിന് ക്ഷണമുള്ളത്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ദത്തു പിതാവായി വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് ആദിത്യ തിവാരി. ആറു മാസം മുന്‍പാണു പൂനെയില്‍ സോഫ്ട്വെയര് എന്‍ജിനീയറായ ആദിത്യ തിവാരി ഭിന്നശേഷിക്കാരനായ കുഞ്ഞിനെ ദത്തെടുക്കുന്നത്. 28കാരനായ ആദിത്യയും ദത്തുപുത്രന് ബിന്നിയെന്ന അവനീഷും അന്നു വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഏറെ നാള് നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ആദിത്യക്ക് അവനീഷിനെ ദത്തെടുക്കാനായത്. ഇന്ത്യയിലെ നിയമമനുസരിച്ച് 30 വയസിനു താഴെയുള്ളവര്‍ക്കും വിവാഹം കഴിക്കാത്തവര്‍ക്കും കുട്ടികളെ ദത്തെടുക്കാനാവില്ലായിരുന്നു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ദത്തെടുക്കാനുള്ള പ്രായപരിധി 25 ആക്കിയപ്പോഴാണ് ആദിത്യക്ക് അവനീഷിനെ ദത്തെടുക്കാന്‍ സാധിച്ചത്.
കുട്ടിയുടെ ചികിത്സാ ചിലവുകള്‍ പോലും താങ്ങാന്‍ കഴിയില്ലെന്നും ആരും തന്നെ വിവാഹം ചെയ്യാന്‍ തയാറാകില്ലെന്നും ഉപദേശിച്ച് എല്ലാവരും ദത്തെടുക്കാനുളള ശ്രമത്തില്‍ നിന്നു തന്നെ പിന്തിരിപ്പിക്കാന് ശ്രമിച്ചിരുന്നുവെന്ന് ആദിത്യ പറഞ്ഞു.
2014 സെപ്റ്റംബറില്‍ തന്റെ അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ മധുരം പങ്കുവയ്ക്കാനായി ഇന്‍ഡോറിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ അനാഥാലയത്തില്‍ ചെന്നപ്പോഴാണ് ആദിത്യ ആദ്യമായി അവനീഷിനെ കാണുന്നത്. അനാഥാലയത്തിലെ അധികൃതര്‍ പറഞ്ഞ കാര്യങ്ങളിലൂടെ ആദിത്യ കുഞ്ഞിനെ കൂടുതലായി അറിഞ്ഞു. കുട്ടിയുടെ സ്പോണ്സര് ആകുന്നതിലും നല്ലത് കുഞ്ഞിനെ തന്റെ ജീവിതത്തിലേക്ക് കൂട്ടുന്നതാണ് എന്ന് ആദിത്യക്ക് തോന്നി.
ഡൗണ്‍ സിന്‍ഡ്രോമിനോപ്പം ഹൃദയത്തിന് ദ്വാരം കൂടിയുള്ളതിനാല്‍, കുട്ടിക്ക് പ്രത്യേക പരിചരണം ആവശ്യമായിരുന്നു. അവനീഷിന് അന്ന് ആറുമാസമായിരുന്നു പ്രായം. എന്നാല്‍, വിവാഹിതനല്ലാത്ത ഒരു വ്യക്തിക്ക് കുഞ്ഞിനെ എളുപ്പത്തില്‍ ദത്തെടുക്കാന്‍ മാത്രം സുതാര്യമല്ലായിരുന്നു ഇന്ത്യയിലെ നിയമങ്ങള്‍. ആദിത്യയുടെ പ്രായവും തടസമായി. എന്നാല്‍, കൈക്കുഞ്ഞിനെ രക്ഷിക്കാനുള്ള മകന്റെ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി ആദിത്യയുടെ അച്ഛനും അമ്മയും ഒപ്പം നിന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ ആദിത്യയുടെ അഭ്യര്‍ഥന മാനിച്ച് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വിഷയത്തിലിടപെട്ടു. പരാതിയുമായി ആദിത്യ പ്രധാനമന്ത്രിയുടെ ഓഫീസിനെയും സമീപിച്ചിരുന്നു. ഒടുവില്‍ ദത്തെടുക്കല്‍ നടപടികള്‍ ലഘൂകരിച്ച് ഇക്കഴിഞ്ഞ ജനുവരിയില്‍ ആദിത്യ ബിന്നിയെന്ന കുഞ്ഞിനെ സ്വന്തമാക്കി. അതിനുശേഷം, അവനീഷ് എന്ന പേരും നല്കി തിവാരി കുടുംബത്തിലെ അംഗമാക്കി. കുഞ്ഞിനെ ദത്തെടുത്ത ശേഷം 150 ദിവസത്തെ അഡോപ്ഷന്‍ ലീവെടുത്താണ് ആദിത്യ അവനീഷിനൊപ്പം ഇരുന്നത്.