കോൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്ഐആർ(സ്പെഷൽ ഇന്റൻസീവ് റിവിഷൻ) ജോലി ഭാരവും അമിത സമ്മർദത്തെയും തുടർന്ന് ബിഎൽഒയ്ക്ക് ശാരീരികാസ്വാസ്ഥ്യം. സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. സംഭവത്തിൽ കമൽ നാസ്കർ എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജോയ്നഗറിലെ പ്രൈമറി സ്കൂളിലെ ഹെഡ്മാസ്റ്ററാണ് നസ്കർ.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് എസ്ഐആർ ജോലിയുമായി ബന്ധപ്പെട്ട് വീടുതോറും പോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “നവംബർ 13 ന് എനിക്ക് ഫോമുകൾ ലഭിച്ചു. അവ എല്ലാ വീടുകളിലും വിതരണം ചെയ്തു. ഇപ്പോൾ പൂരിപ്പിച്ച ഫോമുകൾ വോട്ടർമാരിൽ നിന്ന് ശേഖരിക്കേണ്ട സമയമായി. 26-ാം തീയതിക്കുള്ളിൽ ജോലി പൂർത്തിയാക്കാൻ എന്നോട് ആവശ്യപ്പെട്ടു. സമയ പരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയുമെന്ന് എനിക്ക് തോനുന്നില്ല. തുടർന്നാണ് എനിക്ക് അസ്വസ്ഥതയുണ്ടായത്’.-നസ്കർ പറഞ്ഞു.
ഇന്നലെ ബിഎൽഒമാരുടെ ഒരു യോഗത്തിൽ നസ്കർ പങ്കെടുത്തതായും നവംബർ 26നകം അപേക്ഷാ ഫോമുകൾ ശേഖരിച്ച് സമർപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ പറയുന്നു. വീട്ടിലെത്തിയ ഉടനെ തന്നെ നസ്കറിന് അസ്വസ്ഥത അനുഭവപ്പെട്ടു. ഉടൻതന്നെ അദ്ദേഹത്തെ സമീപത്തെ സ്വകാര്യ നഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചുവെന്നും ബന്ധുക്കൾ വ്യക്തമാക്കി.
ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറും തൃണമൂൽ എംഎൽഎയും നഴ്സിംഗ് ഹോമിൽ എത്തി നസ്കറെ സന്ദർശിച്ചു. ബിഎൽഒമാരുടെ മേൽ വലിയ ജോലിഭാരം ഉണ്ടെന്ന് എംഎൽഎ ബിശ്വനാഥ് ദാസ് കുറ്റപ്പെടുത്തി. ബംഗാളിലെ നാദിയ ജില്ലയിൽ ഒരു ബിഎൽഒയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ സംഭവം. എസ്ഐആർ ജോലി കാരണം റിങ്കു തരഫ്ദാർ കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.

