തിരുവനന്തപുരം: തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ബിഎൽഒ മൂന്നു തവണ വീട്ടിലെത്തിയിട്ടും കണ്ടെത്താനാകാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.
കണ്ടെത്താനാകാത്തവരുടെ (അണ് ട്രെയിസബിൾ) പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിലും പ്രദേശികമായി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസ് തലങ്ങളിലും ബൂത്ത് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കും. രാഷ്ട്രീയ പാർട്ടികൾക്കും നൽകും.
പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനു മുൻപ് ബിഎൽഒമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബൂത്ത് ലെവൽ ഏജന്റുമാരുമായി ചർച്ച ചെയ്താകണം പട്ടികയ്ക്ക് അന്തിമ രൂപം നൽകേണ്ടതെന്ന് ബിഎൽഒമാർക്ക് നിർദേശം നൽകിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ അറിയിച്ചു.
28 ലക്ഷം പേരുടെ കരട് പട്ടിക ബിഎൽഒമാർ ഡിജിറ്റൈസ് ചെയ്ത് നൽകിയപ്പോൾ 1.20 ലക്ഷം പേരെ കണ്ടെത്തായിട്ടില്ല. മരണമടഞ്ഞവർ, സ്ഥിരമായി താമസം മാറിപ്പോയവർ, മറ്റു കാരണങ്ങളാൽ കണ്ടെത്താൻ കഴിയാത്തവർ തുടങ്ങിയവർ പട്ടികയിലുണ്ട്.
എസ്ഐആറിനുള്ള എന്യുമറേഷൻ ഫോറങ്ങൾ ഡിസംബർ നാലിനകം പൂരിപ്പിച്ചു നൽകണം. ഫോറം ലഭിച്ചവർ എത്രയും വേഗം പൂരിപ്പിച്ചു ബിഎൽഒയ്ക്കു സമർപ്പിക്കുന്നതാണ് നല്ലത്. വിവരങ്ങൾ വേഗത്തിൽ ഡിജിറ്റൈസ് ചെയ്യാൻ ഇത് ഉപകരിക്കും.
ബിഎൽഒയുടെ ജോലി ഭാരം കുറയ്ക്കാൻ കൂടിയാണ് വേഗത്തിൽ പൂരിപ്പിച്ചു നൽകണമെന്ന് പറയുന്നത്. എന്യുമറേഷൻ ഫോറം പൂരിപ്പിച്ചു നൽകുന്നവരെയെല്ലാം ഡിസംബർ ഒൻപതിന് പുറത്തിറക്കുന്ന കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് താഴേയ്ക്കു നൽകിയിട്ടുള്ള നിർദേശം. പിന്നീട് ആവശ്യമുള്ളവരെ മാത്രമാകും രേഖകളുടെ പരിശോധനയ്ക്കായി ഇആർഒമാർ വിളിക്കുക. ഫെബ്രുവരി ഏഴിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
ബിഎൽഒമാരുടെ സഹായത്തിനായി ഫെസിലിറ്റേറ്റർമാരെ നിയോഗിക്കും. കെഎസ്ആർടിസി കണ്ടക്ടർമാർ അടക്കമുള്ളവരെ നിയോഗിക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്ന കേരള കോണ്ഗ്രസ്- എം പ്രതിനിധി കെ. ആനന്ദകുമാറിന്റെ നിർദേശം അംഗീകരിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. കൃത്യമായ പരിശീലനം ഇനിയും ലഭിച്ചിട്ടില്ലെന്ന് പരാതി ലഭിക്കുന്ന ബിഎൽഒമാർക്കു വീണ്ടും പരിശീലനം നൽകാൻ സംവിധാനം ഒരുക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.
2002 വോട്ടർ പട്ടികയിൽ ഉള്ളവരെ കണ്ടെത്താൻ ബന്ധുക്കളുടെ പേര് രേഖപ്പെടുത്തണമെന്ന കോളത്തിൽ അച്ഛൻ, അമ്മ, മുത്തശൻ, മുത്തശി എന്നിവരെയാണ് ബന്ധുക്കളുടെ കോളത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സഹോദരങ്ങളേയും ബന്ധുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു.
കണ്ണൂർ പയ്യന്നൂരിൽ ആത്മഹത്യ ചെയ്ത ബിഎൽഒ അനീഷ് ജോർജിന് ആദരാഞ്ജലി അർപ്പിച്ചാണ് യോഗം തുടങ്ങിയത്. എം. വിജയകുമാർ- സിപിഎം, എം.കെ. റഹ്മാൻ- കോണ്ഗ്രസ്, ജെ.ആർ. പത്മകുമാർ, ബി. ഗോപാലകൃഷ്ണൻ- ബിജെപി, മുഹമ്മദ് ഷാ- മുസ്ലിംലീഗ്, എൻ. രാജൻ- സിപിഐ, കെ. ജയകുമാർ- ആർഎസ്പി, മാത്യു ജോർജ്- കേരള കോണ്ഗ്രസ്, കെ. ആനന്ദകുമാർ- കേരള കോണ്ഗ്രസ്- എം എന്നിവർ പങ്കെടുത്തു.
സ്വന്തം ലേഖകൻ

