ആലപ്പുഴ ബൈപാസ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

sudhakaranആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഉറപ്പുനല്‍കി. നിയമസഭയില്‍ രമേശ് ചെന്നിത്തല അവതിരിപ്പിച്ച സബ്മിഷനുള്ള  മറുപടിയിലാണ് മന്ത്രി ഉറപ്പുനല്‍കിയത്. കൊമ്മാടി മുതല്‍ കളര്‍കോട്‌വരെയുള്ള 6.8 കിലോമീറ്റര്‍ ബൈപ്പാസ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തത്തോടെ നിര്‍മിക്കാന്‍ 274.4 കോടി രൂപയ്ക്ക് കൊച്ചിയിലെ ആര്‍ഡിസി-സിവിസിസി എന്ന സ്ഥാപനത്തിന് 2015 ഫെബ്രുവരി 11നാണ് കരാര്‍ നല്‍കിയത്.

2017 സെപ്റ്റംബര്‍ 14നു പണി പൂര്‍ത്തിയാക്കണം. പ്രാദേശികമായ ചില തെറ്റായ തൊഴിലാളി പ്രശ്നങ്ങള്‍ കാരണം പദ്ധതിയുടെ പുരോഗതിയില്‍ തടസങ്ങളുണ്ടായെങ്കിലും നിലവില്‍ മൂന്നുശതമാനം പുരോഗതി കൈവരിച്ചിട്ടുണ്ട്. കരാര്‍പ്രകാരം തന്നെ പണി പൂര്‍ത്തിയാക്കാന്‍ വര്‍ക്ക് പ്രോഗ്രാം തയാറാക്കിയിട്ടുണ്ട്.

പണിയുടെ പുരോഗതി വിലയിരുത്താന്‍ പൊതുമരാമത്ത് മന്ത്രി ചെയര്‍മാനായി ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ട് പ്രശ്‌നമുണ്ടാക്കിയതോടെയാണ് ആലപ്പുഴ ബൈപ്പാസ് പണി മുടങ്ങിയത്.  വലിയ കമ്പി ഇറക്കുന്നതിനാണ് തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടത്.

Related posts