കണ്ണൂര്‍: ആള്‍ത്താമസമില്ലാത്ത വീടുകളുടെ വാതില്‍ തകര്‍ത്ത് അകത്തുകയറി സ്റ്റീല്‍ ടാപ്പുകളും മറ്റും മോഷ്ടിക്കുന്നതു പതിവാകുന്നു. പള്ളിക്കുന്ന് മേഖലകളിലെ വീടുകളിലാണ് ഇത്തരത്തില്‍ വ്യാപകമായ മോഷണം നടന്നത്. കൊക്കേന്‍പാറ നിത്യാനന്ദ നഗര്‍ ഹൗസിംഗ് കോളനിയില്‍ ബാലചന്ദ്രന് എന്നയാളുടെ വീട്ടില്‍നിന്നു കഴിഞ്ഞദിവസം അരഡസനിലധികം ടാപ്പുകള്‍ കവര്‍ന്നു.
വീടിന്റെ പിന്‍ഭാഗത്തെ വാതിലിന്റെ പൂട്ട് തകര്‍ത്തു അകത്തുകടന്ന മോഷ്ടാക്കള്‍ ബാത്ത്റൂമുകളിലേയും അടുക്കളയിലേയുമടക്കം ടാപ്പുകള്‍ അറുത്തെടുത്തു കൊണ്ടുപോവുകയായിരുന്നു. നാടോടി സംഘമാണു കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് നാട്ടുകാരുടെ സംശയം. പഴയ സാധനങ്ങള്‍ പെറുക്കാന്‍ പകല്‍സമയം വീടുകള്‍തോറും കയറിയിറങ്ങുന്ന നാടോടി സ്ത്രീകളാണ് ആള്‍ത്താമസമില്ലാത്ത വീടുകള്‍ കണ്ടെത്തുന്നത്.
ഇവര്‍ നല്കുന്ന വിവരമനുസരിച്ച് പുരുഷന്മാര് രാത്രിയിലെത്തിയാണ് ടാപ്പുകള്‍ മോഷ്ടിക്കുന്നത്. ടാപ്പുകള്ക്കൊപ്പം ഇളക്കിയെടുക്കാവുന്ന മറ്റു സാധനങ്ങളും ഇവര്‍ മോഷ്ടിക്കുന്നു. ഇത്തരം സാധനങ്ങള്‍ വാങ്ങുന്ന പ്രത്യേക സംഘങ്ങളും ഉണ്ടെന്നു പറയുന്നു. ടാപ്പുകള്‍ അറുത്തെടുക്കുന്നതിനാല് വീട്ടുകാര്‍ക്കു വലിയ നഷ്ടമാണു സംഭവിക്കുന്നത്. പരാതി പ്രകാരം പോലീസ് അന്വേഷണം നടത്തിയെങ്കിലും ഇവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല.