കൊച്ചി: ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡിനു സമീപമുള്ള സ്ത്രീകളുടെ ടോയ്ലെറ്റില് മൊബൈല്‍ കാമറ ഉപയോഗിച്ച് ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതായി പരാതി. രണ്ടാം നിലയിലുള്ള ഗൈനക്കോളജി വാര്‍ഡിനു സമീപം പുരുഷന്മാരുടെയും സ്ത്രീകളുടെയും ടോയ്ലെറ്റുകള് അടുത്തടുത്താണ്.
ഇരുമുറികളും വേര്‍തിരിക്കുന്ന ഭിത്തിയുടെ മുകളിലുള്ള വിടവിലാണ് മൊബൈല്‍ ഫോണ്‍ കണ്ടത്. ഫോണ്‍ ഒരു വടിയുടെ അറ്റത്ത് ഉറപ്പിച്ചിരിക്കുകയായിരുന്നു. ടോയ്ലെറ്റില് പ്രവേശിച്ച ഒരു സ്ത്രീ ഇതു കണ്ടതോടെ പെട്ടെന്ന് പുറത്തിറങ്ങി ബഹളം വച്ചു. ഇതോടെ ഫോണിന്റെ ഉടമ ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അന്നു തന്നെ ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും അധികൃതര്‍ പോലീസിനു കൈമാറിയത് ഇന്നലെയാണ്.
സംഭവത്തില്‍ പോലീസും ആശുപത്രി അധികൃതരും ഒത്തുകളിക്കുന്നതായി ആരോപണമുണ്ട്. സിസിടിവിയില്‍ ഫോണിന്റെ ഉടമയുടെ മുഖം പതിഞ്ഞിട്ടുണെ്ടന്ന് സൂപ്രണ്ട് ഡോ. എം.കെ. ഡാലിയ അറിയിച്ചിരുന്നു. എന്നാല്‍ സൂപ്രണ്ട് സെന്‍ട്രല്‍ പോലീസിനു നല്കിയ പരാതിയില്‍ സിസിടിവി ദൃശ്യം ഉള്ളതായി പറഞ്ഞിട്ടില്ലെന്ന് സെന്‍ട്രല്‍ എസ്ഐ വിജയ് ശങ്കര്‍ പറഞ്ഞു. പോലീസ് കേസെടുത്തു.