ലണ്ടന്‍: സൈപ്രസിലേക്ക് തട്ടിക്കൊണ്ടുപോയ ഈജിപ്ഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ബ്രിട്ടീഷ് യാത്രികന്‍ റാഞ്ചിക്കൊപ്പം എടുത്ത സെല്‍ഫി വൈറലായി. സൈപ്രസുകാരിയായ മുന്‍ ഭാര്യയെ കാണുന്നതിനായി വ്യാജ ബോംബു ഭീഷണി മുഴക്കിയാണ് ഈജിപ്തു കാരനായ ഡോ. ഇബ്രാഹിം സമാഹ എന്ന സെയ്ഫ് അല്‍-ബിന്‍ മുസ്തഫ കയ്‌റോയിലേക്ക് പുറപ്പെട്ട വിമാനം സൈപ്രസിലെ ലാര്‍നാകയിലേക്കു റാഞ്ചിയത്.
വിമാനത്തില്‍നിന്ന് അവസാനം രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരനായ ബെഞ്ചമിന്‍ ഇന്നിസാണ് മുസ്തഫയ്‌ക്കൊപ്പം സെല്‍ഫി എടുത്തത്. ബെല്‍റ്റുബോംബുമായി നില്ക്കുന്ന മുസ്തഫയ്ക്കു സമീപം ചിരിച്ചുനില്‍ക്കുന്ന 26 കാരനായ ബെഞ്ചമിന്റെ ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. വിമാനത്തിലെ ക്യാബിന്‍ ക്രൂവിന്റെ സഹായത്തോടെയാണ് ബെഞ്ചമിന്‍ ചിത്രമെടുത്തത്.
ആറു മണിക്കൂര്‍ നീണ്ട ബന്ദിനാടകത്തില്‍ ആദ്യം 62 യാത്രക്കാരില്‍ സ്ത്രീകളെയും കുട്ടികളെയും പുറത്തിറങ്ങാന്‍ മുസ്തഫ അനുവദിച്ചു. മൂന്നു വിദേശയാത്രികരെയും നാലു വിമാനജീവനക്കാരെയും പുറത്തിറങ്ങാന്‍ അനുവദിക്കാതെയാണ് ഈജിപ്ഷ്യന്‍ ഭരണകൂടവുമായി മുസ്തഫ വിലപേശല്‍ നടത്തിയത്. ഇതിനിടെയാണ് ബെഞ്ചമിന്‍ സെല്‍ഫിയെടുത്തത്.