മുംബൈ: ഇന്‍ക്രഡിബിള്‍ ഇന്ത്യ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്ന് ബോളിവുഡ് നടന് അമിതാഭ് ബച്ചന്. ഇന്‍ക്രഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തേക്ക് ബച്ചനെ പരിഗണിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളോടു പ്രതികരിക്കുകയായിരുന്നു ബിഗ്ബി. ഇത്തരം ആവശ്യങ്ങളുമായി ആരുംതന്നെ സമീപിച്ചിട്ടില്ലെന്നും മറ്റു തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ബച്ചന് പ്രസ്താവനയില്‍ അറിയിച്ചു.
നേരത്തെ, നികുതിയില്ലാത്ത രാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടേതായി പുറത്തുവന്ന പാനമ പേപ്പേഴ്സ് രേഖകളില്‍ അമിതാഭ് ബച്ചന്റെയും മരുമകള്‍ ഐശ്വര്യാ റായിയുടെയും പേരുകള്‍ ഉള്‍പ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ഇന്‍ക്രഡിബിള്‍ ഇന്ത്യ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്തേക്കു ബച്ചനെ പരിഗണിക്കുന്നത് നിര്‍ത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ച 500 ഇന്ത്യക്കാരുടെ പേരുകളാണ് പാനമ പേപ്പേഴ്സിലൂടെ പുറത്തുവിട്ടത്.