ഇരുവഴിഞ്ഞിപുഴയെ സംരക്ഷിക്കാന്‍ വാട്‌സ് ആപ്പ് കൂട്ടായ്മ; പദ്ധതികള്‍ നടപ്പാക്കുന്നത് സാമൂഹ്യപ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പായ “ന്യൂസിന്റെ” നേതൃത്വത്തില്‍

whatsappമുക്കം: ഇരുവഴിഞ്ഞിപുഴയെ സംരക്ഷിക്കാന്‍ വാട്‌സ് ആപ്പ് കൂട്ടായ്മ രംഗത്ത്. പുഴയോരത്ത് മരങ്ങള്‍ വച്ചുപിടിപ്പിക്കാനും സംരക്ഷിക്കാനും മുക്കം, കാരശേരി, കൊടിയത്തൂര്‍, കൂടരഞ്ഞി, ഓമശേരി, പഞ്ചായത്തിലെ സാമൂഹ്യപ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പായ “ന്യൂസിന്റെ” നേതൃത്വത്തിലാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.

ഇതിന്റെ ഭാഗമായി ചേര്‍ന്ന ആലോചനായോഗത്തില്‍ പ്രകൃതി സ്‌നേഹികളും കക്ഷി രാഷ്ട്രീയ മതസാമൂഹിക പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ പങ്കെടുത്തു. പുഴ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തന്നെയാണ് ചര്‍ച്ചയില്‍ പങ്കെടുത്ത മുഴുവനാളുകളും പറഞ്ഞത്.പുഴയോര മേഖലയിലെ മുഴുവന്‍ വാര്‍ഡുകളിലും ഈ മാസം നടക്കുന്ന ഗ്രാമസഭകളില്‍ ഇരുവഴിഞ്ഞി പുഴ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് കാരശേരി ഗ്രാമപഞ്ചായത്തംഗം ജി. അബ്ദുള്‍അക്ബര്‍ പറഞ്ഞു .

പുഴയുടെ ഇന്നത്തെ അവസ്ഥ പഠിക്കാന്‍ കൂളിമാട് മുതല്‍ മുക്കം വരെയെങ്കിലും ജലയാത്ര നടത്തണമെന്നും തീരങ്ങളില്‍ മരംവച്ചാല്‍ മാത്രം പോര സംരക്ഷിക്കുകയും ചെയ്യണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. തീരങ്ങളില്‍ മുളയോ മറ്റോ വെച്ച് പിടിപ്പിച്ച് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നും പുഴയുടെ സംരക്ഷണത്തിന് വേണ്ടി മുമ്പ് പ്രവര്‍ത്തിച്ചവരേയും ജനപ്രതിനിധികളെയും സന്നദ്ധ പ്രവര്‍ത്തകരെയും കൂട്ടായ്മയിലേക്ക് കൊണ്ട് വരണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ നിര്‍ദേശിച്ചു.

Related posts