ഇവനാണ് നുമ്മ പറഞ്ഞ കാമുകന്‍! കൊലപാതകത്തിലേക്ക് നയിച്ചത് പണം നല്‍കാത്തതും ഒരുമിച്ച് താമസിക്കണമെന്ന സന്ധ്യയുടെ ആവശ്യവും

yuvathiകൊച്ചി: തോപ്പുംപടിയിലെ വീട്ടമ്മയുടെ ഘാതകന്‍ അവരുടെ സുഹൃത്തായിരുന്നുവെന്നു പോലീസ്. ഫോര്‍ട്ടുകൊച്ചി അമരാവതി ഗോപാലകൃഷ്ണ ക്ഷേത്രം റോഡില്‍ വാടകയ്ക്കു താമസിക്കുന്ന പന്തളം സ്വദേശി അജിത്തിന്റെ ഭാര്യ സന്ധ്യ (36) കൊല്ലപ്പെട്ട കേസില്‍ കാക്കനാട് പരപ്പേല്‍ വീട്ടില്‍ അഷ്‌റഫിന്റെ മകന്‍ അന്‍വര്‍ (27) ആണ് അറസ്റ്റിലായത്. ഇവര്‍ തമ്മില്‍ രണ്ടര വര്‍ഷത്തെ പരിചയമുണ്ടായിരുന്നു. അന്‍വറിന് അത്യാവശ്യമായി പണത്തിന് ആവശ്യം വന്നപ്പോള്‍ കൊടുക്കാത്തതും ഒരുമിച്ചു താമസിക്കണമെന്ന് സന്ധ്യ ആവശ്യപ്പെട്ടതും കൊലപാതകത്തില്‍ എത്തിക്കുകയായിരുന്നു.  സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു അന്‍വര്‍. മുമ്പ് സന്ധ്യ പാലാരിവട്ടത്തെ സ്വകാര്യ ടെലികോം കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഈ സമയം യാത്രകള്‍ അന്‍വര്‍ ജോലി ചെയ്തിരുന്ന ബസിലായിരുന്നു.

ഈ പരിചയമാണ് പിന്നീട് വളര്‍ന്നത്.  വിവാഹിതനായ അന്‍വറിന് ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. സംഭവദിവസം സന്ധ്യയോട് ഇയാള്‍ പണമാവശ്യപ്പെട്ടു. എന്നാല്‍, പണം കൊടുക്കാന്‍ സന്ധ്യ ഒരുക്കമായിരുന്നില്ല. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. എന്നാല്‍ ഭര്‍ത്താവും കുട്ടികളുമുള്ള സന്ധ്യ അന്‍വറിനൊപ്പം ജീവിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ കലഹമുണ്ടായിരുന്നു. ഇതാണ് കൊലപാതക കാരണമെന്നും സംശയിക്കുന്നു.

സംഭവദിവസം സന്ധ്യയെ കൂട്ടികൊണ്ടുവരാന്‍ ചേര്‍ത്തലയിലെത്താമെന്ന് അന്‍വര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് വാടകയ്ക്ക് എടുത്ത കാറുമായി അന്‍വര്‍ തിങ്കളാഴ്ച വൈകുന്നേരം ചേര്‍ത്തലയിലെത്തി. സ്വന്തം ഫോണ്‍ എടുക്കാതിരുന്ന അന്‍വര്‍ ചേര്‍ത്തലയിലെ പബ്ലിക് ടെലിഫോണ്‍ ബൂത്തില്‍നിന്നാണ് സന്ധ്യയെ ഓഫിസില്‍നിന്ന് വിളിച്ചിറക്കിയത്. ജോലി കഴിഞ്ഞ് ഓഫീസില്‍ നിന്ന് ഇറങ്ങിയ സന്ധ്യയെ കൂട്ടിക്കൊണ്ടുപോന്നു. തുടര്‍ന്ന് 8.45 ഓടെ തോപ്പുംപടി ബിഒടി പാലത്തിനു സമീപമെത്തി. തുടര്‍ന്നു കാര്‍ ഐലന്‍ഡ് ഹാള്‍ട്ട് ഭാഗത്തേക്ക് കൊണ്ടുപോയി. അവിടെ വച്ച് പണം ആവശ്യപ്പെട്ടു. എന്നാല്‍ സന്ധ്യ പണം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് സന്ധ്യയുടെ മാല ഇയാള്‍ പൊട്ടിച്ചെടുത്തു. ഇതേത്തുടര്‍ന്ന് കാറില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ച സന്ധ്യയെ കാറ് ലോക്ക് ചെയ്ത് ഷാളുകൊണ്ട് കഴുത്തുമുറുക്കി കൊല്ലുകയായിരുന്നു.

ഒമ്പതു മണിയോടെയാണ് സന്ധ്യ കൊല്ലപ്പെട്ടതെന്ന്  പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഉള്ളത്. പിന്നീട് സന്ധ്യയുടെ 14 പവന്‍ സ്വര്‍ണാഭരണത്തില്‍ കമ്മല്‍ ഒഴികെ 12 പവന്‍ ഇയാള്‍ എടുത്തു. തുടര്‍ന്ന് മൃതദേഹം കാറില്‍ കൊണ്ടുവന്ന് മിനിലോറിക്കടിയിലേക്കു തള്ളുകയായിരുന്നു.

സന്ധ്യയുടെ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസ് അന്‍വറിലേക്കെത്തിച്ചത്. കൊല്ലപ്പെടുന്നതിനടുത്ത ദിവസങ്ങളില്‍ സന്ധ്യ നിരവധി തവണ അന്‍വറിനെ വിളിച്ചതായി കണ്ടെത്തി.  മൃതദേഹം കാണപ്പെട്ട ലോറിക്കു സമീപം കാര്‍ വന്നു തിരിച്ചുപോയതിന്റെ അടയാളങ്ങളുണ്ടായിരുന്നു. ചുരിദാര്‍ ധരിച്ച സ്ത്രീയോടൊപ്പം ഒരാളെ കാറില്‍ കണ്ടതായി ട്രാഫിക് പോലീസ് അറിയിച്ചിരുന്നു.

ഇതും അന്വേഷണം അന്‍വറിലേക്കെത്തുന്നതില്‍ കലാശിച്ചു. സംഭവത്തിനുശേഷം കാറുമായി ആലപ്പുഴയിലും മറ്റും കറങ്ങി നടന്ന പ്രതി ചൊവ്വാഴ്ച രാത്രി പള്ളുരുത്തി സര്‍ക്കാര്‍ ആശുപത്രിക്കു സമീപം താമസിക്കുന്ന സഹോദരിയുടെ വീട്ടിലെത്തിയപ്പോഴാണ് പോലീസ് വലയിലാകുന്നത്. സന്ധ്യയുടെ മാലയും വളയും പാദസരവും മോതിരവും പ്രതിയുടെ പക്കല്‍ നിന്നു കണ്ടെത്തി. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു കോടതിയില്‍ ഹാജരാക്കുന്ന അന്‍വറിനെ കൂടുതല്‍ തെളിവെടുപ്പിനായ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

ചേര്‍ത്തലയിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന തൊടുപുഴ സ്വദേശിനിയായ സന്ധ്യ തിങ്കളാഴ്ച വൈകുന്നേരം ആറരയ്ക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്കു തിരിക്കുന്നതായി ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഏറെ വൈകിയിട്ടും സന്ധ്യ വീട്ടില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് ഭര്‍ത്താവ് പോലീസില്‍ വിവരമറിയിച്ചിരുന്നു. രാത്രി പോലീസ് നടത്തിയ തെരച്ചില്‍ വിഫലമാവുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ലോറി എടുക്കാനെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. സന്ധ്യയ്ക്ക് 12 വയസുള്ള മകളും 11 വയസുള്ള മകനുമുണ്ട്. സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ അജിത്ത് 11 വര്‍ഷമായി കുടുംബസമേതം കൊച്ചിയിലാണ് താമസം.

Related posts