ചമ്പക്കുളം: ആലപ്പുഴ-ചങ്ങനാശേരി റോഡിനോടു ചേര്ന്നുകിടക്കുന്ന നെടുമുടി പഞ്ചായത്തില് ഉള്പ്പെട്ട നയനമനോഹരമായ തടാകമാണ് ഭൂതപ്പണ്ടം കായല് എന്ന വിളിപ്പേരുള്ള പണ്ടാരക്കുളം കായല്. കേവലം 6.4 ചതുരശ്ര കിലോമീറ്റര് മാത്രം വിസ്തൃതിയുള്ള ഈ ചെറുതടാകത്തിന്റെ വിനോദ സഞ്ചാര സാധ്യതകള് അനന്തമാണ്.
ചെറുപദ്ധതിപോലുമില്ല
എന്നാല്, നാളിതുവരെ ഈ സാധ്യതകളെ ഉപയോഗിക്കാന് ഒരു ചെറു പദ്ധതി പോലും തയാറാക്കാന് വിനോദ സഞ്ചാര വകുപ്പോ നെടുമുടി ഗ്രാമപഞ്ചായത്തോ ശ്രമിച്ചിട്ടില്ല. ഈ തടാകത്തിന്റെ ഒരു ഭാഗം എസി റോഡ് വന്നതോടുകൂടി രണ്ടായി വിഭജിക്കപ്പെട്ടെങ്കിലും ഇരുഭാഗവും മികച്ച വിനോദ സഞ്ചാര സാധ്യതയുള്ള പ്രദേശമാണ്.
നെടുമുടി പഞ്ചായത്തിന്റെ ഒന്ന്, പതിനഞ്ച് വാര്ഡുകളില് ഉള്പ്പെട്ടു കിടക്കുന്നതാണ് ഈ തടാകം. ഈ തടാകത്തിന്റെ ഒരു ഭാഗം പോളയും പായലും കയറി നിറഞ്ഞിരിക്കുന്നു. എങ്കിലും ഭൂരിഭാഗവും നല്ല തെളിഞ്ഞ തടാകമാണ്.
പോള നീക്കിയില്ല
കുട്ടനാട്ടിലെ പുഞ്ചനിലങ്ങളുടെ ശരാശരി ആഴമായ ഏഴ് അടിയാണ് ഈ തടാകത്തിന്റെയും ആഴം. അധികം ആഴമില്ലാത്ത ഈ കായല് വിനോദ സഞ്ചാരികള്ക്കു ചെറു ബോട്ടുകളിലും വള്ളങ്ങളിലും അപകട ഭീഷണി കൂടാതെ യാത്ര നടത്താന് സൗകര്യമുള്ളതാണ്.
ആലപ്പുഴയില് സീ പ്ലെയിന് പദ്ധതിയെപ്പറ്റി ചര്ച്ച ഉണ്ടായപ്പോള് അതിനായി പണ്ടാരക്കുളം കായലും പരിഗണനയില് വന്നിരുന്നു എന്നതൊഴിച്ചാല് മറ്റൊരു പദ്ധതിയും ഈ തടാകവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടായിട്ടില്ല. സീപ്ലെയിന് പദ്ധതി ഉപേക്ഷിക്കപ്പെട്ടതോടുകൂടി പണ്ടാരക്കുളം തടാകവും ചിത്രത്തില്നിന്നു പുറന്തള്ളപ്പെടുകയായിരുന്നു.
അടുത്ത കാലത്ത് ഈ തടാകത്തിലെ പോള നീക്കാൻ ഒരു പദ്ധതി തയാറാക്കിയെങ്കിലും പിന്നീട് അതു വേണ്ട എന്നു നെടുമുടി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു. നാലു വശവും പുഞ്ചപ്പാടങ്ങളും തെങ്ങുകള് നിറഞ്ഞ ചിറയും ഒന്നുചേരുന്ന ഈ തടാകത്തിന്റെ എല്ലാ വശങ്ങളിലും ചെറു വാഹനങ്ങളില് എത്തിച്ചേരാൻ സൗകര്യമുണ്ട്.
ടൂറിസം വകുപ്പിനോടാണ്, ഇതെങ്കിലും ചെയ്തുകൂടേ?
എസി റോഡില് പണ്ടാരക്കുളം ജംഗ്ഷന്, പൊങ്ങ, ജ്യോതി ജംഗ്ഷന് തുടങ്ങി എല്ലാ സ്ഥലങ്ങളില്നിന്നും ഈ തടാകത്തിന്റെ കരയിലേക്ക് എത്താന് അര കിലോമീറ്റര് ദൂരം പോലുമില്ല. പണ്ടാരക്കുളത്ത് എസി റോഡിനോടു ചേര്ന്നുള്ള ഭാഗം പോള മൂടിക്കിടക്കുന്നതു വൃത്തിയാക്കി സൗന്ദര്യവത്കരിച്ചാല് മാത്രം ഈ സ്ഥലം വിനോദസഞ്ചാര കേന്ദ്രമായി മാറും.
വിനോദ സഞ്ചാര വകുപ്പോ ജില്ലാ ഭരണകൂടമോ തദ്ദേശസ്വയംഭരണ വകുപ്പോ ഇക്കാര്യത്തില് താത്പര്യമെടുത്താല് മികച്ച ഒരു വിനോദ സഞ്ചാര കേന്ദ്രംകൂടി നാടിനു ലഭ്യമാകും.നിലവിലുള്ള പഞ്ചായത്ത് ഭരണസമിതിക്കു മുമ്പാകെ പണ്ടാരക്കുളം കായല് വൃത്തിയാക്കി വിനോദ സഞ്ചാര സൗഹൃദമാക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും പഞ്ചായത്തിന് സാമ്പത്തിക പരാധീനതയാണെന്നു പറയുന്നു.
വിനോദ സഞ്ചാര വകുപ്പ് താത്പര്യമെടുത്താല് ഈ തടാകം മികച്ച ഒരു വിനോദ സഞ്ചാര കേന്ദ്രമാക്കാം എന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ഒന്നാം വാര്ഡ് മെംബര് സാജു ആന്റണി കടമാട് പറയുന്നത്.