മട്ടന്നൂര്‍: മട്ടന്നൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ.പി. ജയരാജന് രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കി. ജനങ്ങളില്‍നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും എല്‍ഡിഎഫ് അധികാരത്തില്‍ വരാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ജയരാജന് പറഞ്ഞു. രണ്ടാം തവണ മട്ടന്നൂര്‍ മണ്ഡലത്തില്‍ ജനവിധി തേടുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി. ജയരാജന് മണ്ഡലത്തിലെ മിക്ക സ്ഥലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കി. മണ്ഡലത്തിലെ മട്ടന്നൂര്‍ നഗരസഭയിലെയും എട്ടു പഞ്ചായത്തുകളിലും രണ്ടാംഘട്ടത്തില്‍ ഇതിനകം പര്യടനം പൂര്‍ത്തിയാക്കി കഴിഞ്ഞു.
മണ്ഡലത്തിലെ 180 ബൂത്ത് യോഗങ്ങളിലും പങ്കെടുത്ത് വോട്ടഭ്യര്‍ഥിക്കുകയും ചെയ്തു. അഞ്ചു വര്‍ഷത്തിനുളളില്‍ കോടികളുടെ വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തിയതെന്നും ഇനിയും ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുണ്ടെ ന്നും എല്‍ഡിഎഫ് അധികാരത്തിലെത്താനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ജയരാജന് പറഞ്ഞു. ബൂത്ത്തല യോഗങ്ങള്‍ക്കൊപ്പം രക്തസാക്ഷി കുടുംബങ്ങളുടെ വീടുകളും ചെറുകിട വ്യവസായ കേന്ദ്രങ്ങളും വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലും സന്ദര്‍ശിച്ച് വോട്ട് തേടുന്നുണ്ട്.
ഒരോ ബൂത്ത്തല യോഗങ്ങളിലും സ്ത്രീകള്‍ അടക്കമുളള നിരവധി വോട്ടര്‍മാരാണ് ഇ.പി. ജയരാജനെ സ്വീകരിക്കാനെത്തുന്നത്. പത്രിക സമര്‍പ്പിച്ചതിന് ശേഷം 25 മുതല്‍ മണ്ഡലത്തില്‍ പൊതുപര്യടനം ആരംഭിക്കും. എല്‍ഡിഎഫ് നേതാക്കളായ പി. പുരുഷോത്തമന്, സി. വിജയന്, കെ.ടി. ജോസഫ്, കെ.പി. സുരേഷ്കുമാര്‍, കെ.ടി. ചന്ദ്രന് തുടങ്ങിയവരും ഇ.പി. ജയരാജനോടൊപ്പം പര്യടനത്തിലുണ്ട്.