തൃശൂര്‍: ഉത്സവ സീസണ് ആരംഭിച്ചതോടെ വെറ്ററിനറി ഡോക്ടര്‍മാരുടെ അനിശ്ചിത കാല സമരം നീളുന്നത് പൂരം സംഘാടകരുടെയും ജനങ്ങളടെയും മനസില്‍ നെഞ്ചിടിപ്പ് കൂട്ടുകയാണ്. ആനകളിടഞ്ഞാല് മയക്കുവെടി വച്ച് തളയ്ക്കാന്‍ വിദഗ്ധരായ വെറ്ററിനറി ഡോക്ടര്‍മാരടക്കം സംസ്ഥാനത്തെ എല്ലാ ഡോക്ടര്‍മാരും സമരം തുടങ്ങിയിട്ട് ഒരാഴ്ചയാകാറായിട്ടും സര്‍ക്കാര്‍ ഇതുവരെ പ്രശ്നത്തിലിടപെട്ടിട്ടില്ല.
നിരവധി ആനകള്‍ പങ്കെടുക്കുന്ന ഉത്സവങ്ങളാണ് കേരളത്തില്‍ വിവിധയിടങ്ങളില്‍ നടക്കുന്നത്. ഇവിടെയൊക്കെ സുരക്ഷാ ക്രമീകരണമെന്ന നിലയില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം അത്യാവശ്യമാണ്. എന്നാല്‍ ഇതൊക്കെ അവഗണിച്ച് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്ന നിസാര കാര്യം പോലും പരിഗണിക്കാതെ വന്‍ സുരക്ഷാ വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് പൂരം സംഘാടകരും അഭിപ്രായപ്പെട്ടു.
ആനകളിടഞ്ഞാല് ആശ്രയിക്കുന്ന ഏക മാര്‍ഗമാണ് വെറ്ററിനറി ഡോക്ടര്‍മാര്‍. മയക്കുവെടി തളയ്ക്കാനുള്ള പ്രാഗത്ഭ്യം ഇവരില്‍ തന്നെ ചുരുക്കം പേര്‍ക്കേ ഉള്ളൂ. എന്നാല്‍ ഇവര്‍ സമരത്തിലായതിനാല്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ സ്ഥലത്തെത്തിക്കാന്‍ തന്നെ സാധിക്കാത്ത സാഹചര്യമാണുള്ളത്. കൂടാതെ ആനകളെകുറിച്ച് വ്യക്തമായി അറിയാവുന്നവരും ഈ ഡോക്ടര്‍മാര്‍ക്കാണ്. ഇതൊന്നും വകവയ്ക്കാതെയാണ് സര്‍ക്കാര്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സമരത്തെ നേരിടുന്നത്.
ശമ്പള കമ്മീഷനില്‍ റിസ്ക് അലവന്‍സ് എടുത്തുകളിഞ്ഞത് തങ്ങളുടെ ആത്മാഭിമാനത്തെ വരെ ചോദ്യം ചെയ്യുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കാവുന്ന പ്രശ്നമാണെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. ആരോഗ്യമേഖലയിലാണ് ഇത്തരത്തില്‍ ഡോക്ടര്‍മാര്‍ സമരം നടത്തുന്നതെങ്കില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കുമായിരുന്നു. മിണ്ടാപ്രാണികള്‍ക്ക് യാതൊരു വിലയും കല്പിക്കാത്തതിനാലാണ് സര്‍ക്കാര്‍ തങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ നടപടിയെടുക്കാത്തതെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
നാല്പതും അമ്പതും ആനകള്‍ ഒരുമിച്ച് പങ്കെടുക്കുന്ന ഉത്സവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതിനും പുറമേ എല്ലാ ആനകളെയും വാഹനങ്ങളിലും നടത്തിയുമൊക്കെ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോയിരിക്കുന്ന സമയമാണ്. ചൂട് സാധാരണയില്‍ വിട്ട് കൂടിക്കൊണ്ടിരിക്കുന്ന സമയമായതിനാല്‍ ആനകളുടെ പ്രശ്നം വളരെ ഗൗരവമായി കണ്ട് വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയില്ലെങ്കില്‍ വന്‍ ദുരന്തങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വന്നേക്കാം. ഇതിനെല്ലാം പുറമേ നിരവധി ക്ഷീര കര്‍ഷകരാണ് വെറ്ററിനറി ആശുപത്രിയില്‍ ചികിത്സ തേടി വളര്‍ത്തുമൃഗങ്ങളുമായി എത്തുന്നത്. ഡോക്ടര്‍മാരില്ലാത്തതിനാല്‍ അവരൊക്കെ മടങ്ങി പോകേണ്ട ഗതികേടിലാണ്. അടിയന്തിരമായി വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രശ്നം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നാണ് ക്ഷീര കര്‍ഷകര്‍ സര്‍ക്കാരിനോടാവശ്യപ്പെടുന്നത്.
ഉത്സവ കമ്മിറ്റി ഭാരവാഹികളും ഇതേ ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചു കഴിഞ്ഞു. തൃശൂര്‍ ജില്ലയില്‍ 126 ഡോക്ടര്‍മാരാണ് സമരത്തിലുള്ളത്. ഏറ്റവും റിസ്ക്കുള്ള സംഭവങ്ങളില്‍ ഇടപെടുന്ന വെറ്ററിനറി ഡോക്ടര്‍മാരുടെ പ്രശ്നങ്ങളെകുറിച്ച് പഠിച്ച ഗീതാപോറ്റി കമ്മീഷന് വായിച്ചു നോക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും വെറ്ററിനറി ഡോക്ടര്‍മാര്‍ പറഞ്ഞു. ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം നടത്തിയാലും സ്വകാര്യ ആശുപത്രികളെങ്കിലും ഉണ്ടാകും. എന്നാല്‍ വെറ്ററിനറി രംഗത്ത് ഡോക്ടര്‍മാര്‍ സമരം നടത്തിയാല്‍ ബദല്‍ മാര്‍ഗമില്ലെന്ന കാര്യം പോലും സര്‍ക്കാര്‍ മറന്നിരിക്കയാണെന്ന് ക്ഷീര കര്‍ഷകര്‍ വ്യക്തമാക്കി.