കൊല്ലം: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പലിശ വെട്ടിക്കുറയ്ക്കാനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനം കടുത്ത തൊഴിലാളി ദ്രോഹമാണെന്നും പലിശ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും കൊല്ലം ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. രാജ്യത്താകമാനം അഞ്ച് കോടി തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വന്‍കിട കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നും, തൊഴിലാളികളുടെ അധ്വാനത്തിന്റെ പങ്കില്‍ കൈയിട്ടു വാരി കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധത ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി. പറഞ്ഞു.
ഇപിഎഫ് പലിശനിക്ക് 8.6 % ആയി കുറയ്ക്കുന്നത് അങ്ങേയറ്റം ജനദ്രോഹമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നരേന്ദ്രമോദി നേതൃത്വം നല്കുന്ന ബിജെപി സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തിയില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയായ കൊടിക്കുന്നില്‍ സുരേഷ് എംപി മുന്നറിയിപ്പ് നല്കി.