കണ്ണൂര്‍: എഐഎസ്എഫ് പ്രവര്‍ത്തകര്‍ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. താവക്കരയിലെ ഓഫീസിലേക്ക് ഇരച്ചുകയറിയ എഐഎസ്എഫ് പ്രവര്‍ത്തകര്‍ മേശകള്‍, കസേര, ഫ്രിഡ്ജ്, അലമാര എന്നിവ തകര്‍ക്കുകയും ഫയലുകളും മറ്റും വാരിവലിച്ചെറിയുകയും ചെയ്തതായി ഓഫീസ് മാനേജര്‍ കെ. ചന്ദ്രന് പറഞ്ഞു. മാനേജര്‍ മാത്രമായിരുന്നു ഓഫീസില്‍ ഉണ്ടായിരുന്നത്.
അക്രമത്തില്‍ 20,000 രൂപയുടെ നഷ്ടം ഉണ്ടായതായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി രാജ്കുമാര് കരുവാരത്ത് പറഞ്ഞു. ബസുടമകളുടെ അത്യാഗ്രഹമാണ് അമിതവേഗത്തിനും അപകടങ്ങള്‍ക്കും കാരണമാകുന്നതെന്ന്് ആരോപിച്ചാണ് വിദ്യാര്‍ഥികള്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. സംഭവത്തില്‍ 10 എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരേ ടൗണ്‍ പോലീസ് കേസെടുത്തു.