നെടുമങ്ങാട് : ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മദിനാഘോഷങ്ങള്‍ താലൂക്കിലെ ക്ഷേത്രങ്ങളിലും , ബാലഗോകുലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ വിപുലമായി ആഘോഷിച്ചു . ബാലഗോകുലം നെടുമങ്ങാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 223 ശോഭായാത്രകള്‍ സംഘടിപ്പിച്ചു. തൈ വെയ്ക്കാം തണലേകാം താപമകറ്റാം എന്ന സന്ദേശം ഉയര്‍ത്തി കൊണ്ടാണ് ഇത്തവണ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത് . ബാലാഗോകുലത്തിന്റെ നേതൃത്വത്തില്‍ പല സ്ഥലങ്ങളിലും വൃക്ഷ തൈ നടീലും , വിതരണവും നടന്നു . നെടുമങ്ങാട് നഗരത്തില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നടയില്‍ നിന്നും വൈകുന്നേരം നാലോടെ ശോഭായാത്ര പുറപ്പെട്ടു . നിശ്ചല ദൃശ്യങ്ങളും , താളമേളങ്ങളും ശോഭായാത്രയില്‍ അണിനിരന്നതോടെ നെടുമങ്ങാട് അമ്പാടിയായി.
പനവൂര്‍ ബാലഗോകുലം കല്ലിയോട് യൂണിറ്റിന്റെ ശോഭായാത്ര വൈകുന്നേരം നാലിന് കുന്നില്‍ ദേവി ക്ഷേത്രം , മൈലമൂട് ആയിരവല്ലി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ചു. ആനായിക്കോണം ശിവക്ഷേത്രത്തില്‍ ഉറിയടിയോടു കൂടി ശോഭയാത്ര സമാപിച്ചു. നെയ്യാറ്റിന്‍കര: പീതവസ്ത്രം അണിഞ്ഞ്, ശിരസ്സില്‍ മയില്‍പ്പീലി ചൂടി, കൈകളില്‍ നറുവെണ്ണയും പൊന്നോടക്കുഴലുമായി, നൂറു കണക്കിന് ഉണ്ണിക്കണ്ണന്മാര്‍ നെയ്യാറിന്‍ തീരത്ത് നിരന്നു. കുരുന്നുകളുടെ കുസൃതികള്‍ കാഴ്ചക്കാരുടെയും മനം കവര്‍ന്നു.
ശ്രീകൃഷ്ണജയന്തി ദിനമായ ഇന്നലെ നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലെ കവളാകുളം, പനങ്ങാട്ടുകരി, നിലമേല്‍, മണലൂര്‍, കൃഷ്ണന്‍കോവില്‍, കൃഷ്ണപുരം ഗ്രാമം എന്നീ സ്ഥലങ്ങളില്‍ ശോഭായാത്രകള്‍ നടന്നു. ഓലത്താന്നി, ആറാലുംമൂട് മണ്ഡലങ്ങളിലെ ശോഭായാത്രകള്‍ ടി.ബി ജംഗ്ഷനില്‍ സംഗമിച്ചു. തുടര്‍ന്ന് മഹാശോഭായാത്രയായി നെയ്യാറ്റിന്‍കര നഗരം ചുറ്റി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. നെയ്യാറ്റിന്‍കരയിലെ മഹാശോഭയാത്രയുടെ ഉദ്ഘാടനം ഗായകന്‍ കാവാലം ശ്രീകുമാര്‍ നിര്‍വഹിച്ചു. രാജേന്ദ്രബാബു, അനില്‍കുമാര്‍, സി.പി ശശികുമാര്‍, ശിവശങ്കരപ്പിള്ള, മരുതത്തൂര്‍ സുധാകരന്‍, അഭിരാം, രാഹുല്‍കൃഷ്ണന്‍, ബാലശങ്കര്‍, കൃഷ്ണചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
കാട്ടാക്കട: കാട്ടാക്കട താലൂക്കില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. ബാലഗോകുല ങ്ങളുടെയും വിവിധ ക്ഷേത്ര ഭരണ സമിതികളുടെയും ആധ്യാത്മിക സംഘടനക ളുടെയും ആഭിമുഖ്യത്തിലാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളും ശോഭായാത്രയും നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ പല സ്ഥലങ്ങളിലും ഉറിയടി മത്സരങ്ങളും സംഘടിപ്പിച്ചു. കാട്ടാക്കടയില്‍ പട്ടണംചുറ്റി ഘോഷയാത്ര നടന്നു. ഘോഷയാത്ര പെരുംകുളത്തൂര്‍ ശ്രീക്യഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന ഘോഷയാത്രയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. കള്ളിക്കാട്, കുറ്റിച്ചല്‍, പേരേക്കോണം, അമ്പൂരി, മാറനല്ലൂര്‍, വിളപ്പില്‍ശാല എന്നിവിടങ്ങളിലും ഘോഷയാത്ര നടന്നു. അഞ്ചോടെ തുടങ്ങിയ ശോഭായാത്ര രാത്രി ഏഴോടെയാണ് സമാപിച്ചത്.
ബാലരാമപുരം:ബാലഗോകുലം ബാലരാമപുരം മണ്ഡലത്തിന്റെ ആഭിമുഖ്യ ത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ശോഭയാത്ര കാറാത്തല ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് പുന്നക്കാട് അനന്തന്‍കാവ് ക്ഷേത്രത്തില്‍ സമാപിച്ചു.പ്ലാവിള ബാലഗോകുലം മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭയാത്ര ഐത്തിയൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് പാതിരിയോട് സമാപിച്ചു.