സജീവന് പൊയ്ത്തുംകടവ്
കണ്ണൂര്‍: കണ്ണൂരില്‍ സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ എട്ടുമാസത്തിനിടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 629 സ്ത്രീപീഡനങ്ങളാണ്. ഇതില്‍ ഏഴുവയസുകാരിമുതല് 83 വയസുകാരിവരെ പീഡനത്തിരയായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഐപിസി 498 (എ) വകുപ്പു പ്രകാരം ജില്ലയില്‍ 185 കേസുകള്‍ എട്ട് മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തു. ഭര്‍ത്താവോ ഭര്‍തൃവീട്ടുകാരോ ശാരീരികവും മാനസികവുമായ ക്രൂരതയ്ക്ക് വിധേയയാക്കി ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന കേസില്‍ രേഖപ്പെടുത്തുന്ന വകുപ്പാണിത്. മൂന്നു വര്‍ഷംവരെ ശിക്ഷ ലഭിക്കാനുള്ള ഗാര്‍ഹിക പീഡനത്തിനാണ് കേസ് എടുക്കാറുള്ളത്.
ഐപിസി 354 വകുപ്പുപ്രകാരം 117 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് മാനഹാനി ഉണ്ടാക്കുന്ന വിധത്തില്‍ മര്യാദലംഘനം നടത്തുക, മര്‍ദിക്കുക, ബലപ്രയോഗം നടത്തുക തുടങ്ങിയവ ഈ വകുപ്പില്‍ വരും. അഞ്ചുവര്‍ഷം വരെ ശിക്ഷ ഉറപ്പാക്കുന്ന കുറ്റമാണിത്. ഐപിസി 509 പ്രകാരം ആറ് കേസുകള്‍ എടുത്തിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും മറ്റും സ്ത്രീകളോട് അശ്ലീല മുദ്രകള്‍ കാണിക്കുക, ചീത്തപദപ്രയോഗങ്ങള് നടത്തുക തുടങ്ങിയാണ് ഈ വകുപ്പുപ്രകാരം കേസെടുത്തത്. കൂടാതെ 50 മാനഭംഗ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2016 ജനുവരി മാസത്തില്‍ വെറും രണ്ടുകേസായിരുന്നു റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ജൂലൈ, ഓഗസറ്റ് മാസങ്ങളില്‍ 18 മാനഭംഗകേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് എട്ട് കേസുകളാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്. രക്ഷിതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ കുട്ടികളെ കടത്തികൊണ്ടുപോകുന്ന കുറ്റമാണിത്. വിവിധ വകുപ്പുകള്‍ ചേര്‍ത്തു സ്ത്രീകള്‍ക്കെതിരായ പീഡനത്തിന്റെ 263 കേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2016 ഓഗസ്റ്റ് 30വരെയുള്ള കണക്കുകള്‍ പ്രകാരം ബലാത്സംഗം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുക, സ്ത്രീകളെ മോശമായി ചിത്രീകരിക്കുക തുടങ്ങി 500 ലധികം കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ സ്ത്രീകള്‍ക്കുനേരേ അക്രമവും പീഡനങ്ങളും വര്‍ധിച്ചുവരുന്നതായി പോലീസ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. എട്ടുമാസത്തെ കണക്കുകള്‍ ജില്ലയില്‍ സ്ത്രീപീഡനങ്ങളുടെ കേസുകളുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് കാണിക്കുന്നത്.
സ്ത്രീപീഡനങ്ങളിലെ പ്രതികള്‍ വലിയതോതില്‍ രക്ഷപ്പെടുന്ന അവസ്ഥയാണ് ഇന്ന് സമൂഹത്തില്‍ ഉള്ളതെന്നു വനിതാ കമ്മീഷനംഗം അഡ്വ. പി.കെ. നൂര്ദീന റഷീദ് പറഞ്ഞു. വിരല്‍ തുമ്പില്‍ എല്ലാം ലഭിക്കുന്ന സോഷ്യല്‍ മീഡിയയുടെ അതിപ്രസരവും സമൂഹത്തിന്റെ മൂല്യതകര്‍ച്ചയും സ്ത്രീപീഡനങ്ങള്‍ കൂടിവരാന്‍ പ്രധാന കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.