ഒറ്റാല്‍ വാസവന് ‘ജീവിതത്തോണി” സമ്മാനിച്ച് സംവിധായകന്‍ ജയരാജ്

kt-vallamകുമരകം: സിനിമയിലെ നായകനു സംവിധായകന്‍ സമ്മാനിച്ചതു പുതുപുത്തന്‍ വള്ളം. ഒറ്റാല്‍ സിനിമയുടെ നായകന്‍ കുമരകം പുളിക്കിയില്‍ വാസവന് സംവിധായകന്‍ ജയരാജാണ് പുത്തന്‍ വള്ളം നല്കിയത്. ഇന്നലെ വൈകുന്നേരം 5.30നു പുത്തന്‍ വള്ളം നീറ്റിലിറക്കി നല്‍കുകയും ചെയ്തു. മത്സ്യത്തൊഴിലാളിയായ വാസവനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ എന്ന ചിത്രം നിരവധി പുരസ്കാരങ്ങള്‍ നേടിയിരുന്നു.

സിനിമയിലേക്കു ചേക്കേറിയപ്പോള്‍ തന്റെ വള്ളം നശിച്ചുപോയതിനെ തുടര്‍ന്നു തന്റെ പഴയതൊഴില്‍ വാസവന് ഉപേക്ഷിക്കേണ്ടി വന്നു. അഭിനയം ഇപ്പോള്‍ തുടരുന്നില്ലെങ്കിലും മീശവാസവനെന്നും ഒറ്റാല്‍ വാസവനെന്നും നാട്ടുകാര്‍ വിളിക്കുന്ന വാസവനോടും കുടുംബത്തോടും ഉള്ള സ്‌നേഹബന്ധം ജയരാജ് തുടരുകയായിരുന്നു. നഷ്ടപ്പെട്ട വള്ളത്തിനുപകരം പുത്തന്‍വള്ളം മത്സ്യബന്ധനത്തിനായി നല്‍കിയെങ്കിലും സിനിമയെ ഉപേക്ഷിക്കരുതെന്നും കിട്ടുന്ന അവസരങ്ങളില്‍ അഭിനയിക്കുകതന്നെ വേണമെന്നും ഉപദേശിച്ചു. സംവിധായകരായ ജയരാജ്, പ്രദീപ്നായര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സജി കോട്ടയം, ജയരാജിന്റെ സഹോദരി അജിതാ വേണുഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചെല്ലാനത്തു നിര്‍മിച്ച വള്ളത്തിന് ഒറ്റാല്‍ എന്ന പേരാണ് വാസവന്‍ നല്‍കിയത്.

Related posts