ഓട്ടോഡ്രൈവര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍

KNR-KUTHETTUമട്ടന്നൂര്‍: ആയിപ്പുഴയില്‍ ഓട്ടോഡ്രൈവര്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. ആയിപ്പുഴയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോയുടെ ഡ്രൈവര്‍ തുമ്പോലിലെ സി.എച്ച് ഹൗസില്‍ പരേതരായ മൊയ്തീന്‍-ഫാത്തിമ ദമ്പതികളുടെ മകന്‍ സി.എച്ച്. സഹീറാണ് (25) കുത്തേറ്റു മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു സംഭവം. സഹീറിന്റെ കൂടെയുണ്ടായിരുന്ന ബന്ധു സി.എച്ച്. സഫീറിനെ (27) കാലിനു കുത്തേറ്റ നിലയില്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആയിപ്പുഴ-തുമ്പോല്‍ റോഡില്‍ വച്ച് ഇരുവരും സംസാരിച്ചുനില്‍ക്കുന്നതിനിടെ കാറിലെത്തിയ മൂന്നംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നുവെന്നു പറയുന്നു.  കുത്തേറ്റ സഹീറിനെ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കാറിലുണ്ടായിരുന്ന മൂന്നുപേരെയാണ് ഇരിട്ടി ഡിവൈഎസ്പി കെ. സുദര്‍ശന്‍, മട്ടന്നൂര്‍ സിഐ ഷജു ജോസഫ്, എസ്‌ഐ എം.വി. ബിനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സഹീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആയിപ്പുഴയില്‍ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കുകയാണ്.  സഹീറിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ഉച്ചകഴിഞ്ഞ് ആയിപ്പുഴ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കും. സഹോദരങ്ങള്‍: സഹീന, സഹീറ, സഫീന, ശഫീദ്. വിവാഹ ബ്രോക്കര്‍മാരുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നമാണ് അക്രമത്തിനു കാരണമെന്നു സംശയിക്കുന്നു.

Related posts