വെള്ളിക്കുളങ്ങര: ദുരിതങ്ങളുടെ കണ്ണീര്‍ക്കയത്തില്‍ മുങ്ങിത്താഴുകയാണ് വെള്ളിക്കുളങ്ങരയില്‍ ഒരമ്മയും മകളും. രോഗിയായ അമ്മ ഷാലിയക്ക് ആലംബമായ ആറുവയസുകാരിയായ മകള്‍ സേതു ലക്ഷ്മി ജന്മനാ അന്ധയാണ്. ഇവരുടെ ദുരിതപൂര്‍ണമായ അവസ്ഥയില്‍ നീറുകയാണ് നാട്ടുകാര്‍. വെള്ളിക്കുളങ്ങര സര്‍ക്കാര്‍ യുപി സ്കൂള്‍ പരിസരത്തുള്ള കോടശേരി വീട്ടില്‍ പ്രേമന്റെ ഭാര്യയാണ് ഷാലിയ. എല്ലുകളെ ബാധിക്കുന്ന ഒരപൂര്‍വ രോഗമാണ് ഷാലിയെ പിടികൂടിയിരിക്കുന്നത്. ഇതു മൂലം എഴുന്നേറ്റു നടക്കാനുള്ള ബലം പോലും ഇവരുടെ ശരീരത്തിനില്ല.
മകള്‍ ആറുവയുള്ള സേതുലക്ഷ്മിയുടെ അവസ്ഥ കൂടുതല്‍ ദുരിതമാണ്. കാഴ്ചശക്തി തീരെയില്ലാത്ത സേതുലക്ഷ്മിക്കും അസ്ഥികള്‍ ദുര്‍ബലമാകുന്ന രോഗമുണ്ട്. മരുന്നും ചികിത്സയും നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ഇരുവര്‍ക്കും പരസഹായത്തോടെ മാത്രമേ ഇരുന്നിടത്ത് നിന്ന് എഴുന്നേല്ക്കാന് പോലും കഴിയുകയുകയുള്ളു. ഭര്‍ത്താവ് പ്രേമന് കൂലിപ്പണിക്കുപോയി കിട്ടിയിരുന്ന തുച്ഛമായ വരുമാനത്തിലാണ് ഇവരുടെ കുടുംബം പുലര്‍ന്നിരുന്നത്. ഏതാനും മാസം മുമ്പ് പ്രേമന് തോട്ടില്‍ മുങ്ങിമരിച്ചതോടെ ഷാലിയയും സേതുലക്ഷ്മിയും അനാഥരായി.
പരസഹായം കൂടാതെ എഴുന്നേറ്റുനടക്കാന്‍ പോലുമാവാത്ത ഇവര്‍ ഇപ്പോള്‍ ബന്ധുക്കളുടെ സംരക്ഷണയിലാണ് കഴിയുന്നത്. ഇവര്‍ക്ക് സ്വന്തമായി വാസയോഗ്യമായ വീടും ഇല്ല. ചുമരുകള്‍ പോലും പണിതുതീരാത്ത ചെറിയ കൂരയിലായിരുന്നു നേരത്തെ ഇവര്‍ താമസിച്ചിരുന്നത്. ഭര്‍ത്താവിന്റെ വിയോഗത്തോടെ ഷാലിയക്കും മകള്‍ക്കും ചികിത്സ തുടരാനാവാത്ത അവസ്ഥയാണ്. ദുരിതങ്ങളുടെ തോരാമഴയത്ത് കഴിയുന്ന ഈ അമ്മയുടേയും മകളുടേയും കണ്ണീര് തുടക്കാന്‍ സുമനസുകളുടെ സഹായ ഹസ്തങ്ങള്‍ നീളുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.
സുരക്ഷിതമായി കിടന്നുറങ്ങാനുള്ള ഒരു കൊച്ചുവീടും മരുന്നിനും ഭക്ഷണത്തിനും വസ്ത്രത്തിനുമായി മാസം തോറും ചെറിയ തുകയുമാണ് ഈ അമ്മയും മകളും സ്വപ്നം കാണുന്നത്. ഇവരുടെ ഫോണ്‍ നമ്പര്‍: 81 57 917 659.