കണ്ണൂര്‍: ജില്ലയില്‍ 11 നിയമസഭാ മണ്ഡലങ്ങളിലായി മത്സരിക്കുന്ന യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ഥികള്‍ രാവിലെ തന്നെ വോട്ട് ചെയ്തു. 33 സ്ഥാനാര്‍ഥികളില്‍ 20 പേര്‍ക്കു തങ്ങളുടെ വോട്ട് മറ്റു മണ്ഡലങ്ങളിലായതിനാല് സ്വന്തം പേരില്‍ ചെയ്യാനായില്ല. ധര്‍മടത്ത് മത്സരിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്, യുഡിഎഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന് എന്നിവര്‍ തങ്ങളുടെ വോട്ട് സ്വന്തം പേരില്‍ ചെയ്തപ്പോള്‍ ഇവിടെയുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി മോഹനന് മാനന്തേരി കൂത്തുപറമ്പ് മണ്ഡലത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
പയ്യന്നൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി. കൃഷ്ണന് തനിക്ക് തന്നെ വോട്ട് ചെയ്തപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി സാജിദ് മൗവ്വല്‍ ഉദുമ മണ്ഡലത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി ആനിയമ്മയുടെ വോട്ട് ഇരിക്കൂര്‍ മണ്ഡലത്തിലാണ്. ഇരിക്കൂര്‍ മണ്ഡലത്തിലെ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ആര്‍ക്കും മണ്ഡലത്തില്‍ വോട്ടില്ല. യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി. ജോസഫിന്റെ വോട്ട് കോട്ടയം മണ്ഡലത്തിലാണ്. കെ.സി. ജോസഫ് പോസ്റ്റല്‍ ബാലറ്റിലൂടെയാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ കെ.ടി. ജോസിന്റെ വോട്ട് പേരാവൂര്‍ മണ്ഡലത്തിലെ മാങ്ങോട് നിര്‍മല എല്‍പി സ്കൂളിലും എന്‍ഡിഎ സ്ഥാനാര്‍ഥി എ.പി. ഗംഗാധരന്റെ വോട്ട് തളിപ്പറമ്പ് മണ്ഡലത്തിലുമാണ്.
കല്യാശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.വി. രാജേഷ് സ്വന്തം മണ്ഡലത്തിലെ കല്യാശേരി വിളയാങ്കോട് മിറാഷ് കോളജിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥി അമൃത രാമകൃഷ്ണന്റെ വോട്ട് കണ്ണൂര്‍ മണ്ഡലത്തിലും എന്‍ഡിഎ സ്ഥാനാര്‍ഥി അരുണ്‍ കുമാറിന്റെ വോട്ട് പയ്യന്നൂരിലുമാണ്. തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിംസ് മാത്യു അഴീക്കോട് മണ്ഡലത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി രാജേഷ് നമ്പ്യാര്‍ക്ക് കണ്ണൂരിലാണ് വോട്ട്. എന്‍ഡിഎ സ്ഥാനാര്‍ഥി പി. ബാലകൃഷ്ണന് മാസ്റ്റര്‍ക്ക് മണ്ഡലത്തില്‍തന്നെയാണ് വോട്ട്.
അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം. ഷാജി ഇക്കുറി അഴീക്കോട് മണ്ഡലത്തില്‍ തന്നെ വോട്ട് രേഖപ്പെടുത്തി. അലവില്‍ സ്കൂളിലാണ് ഷാജി വോട്ട് ചെയ്യുക. വയനാട് സ്വദേശിയായ ഷാജി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും വയനാട്ടിലെ കണിയാമ്പറ്റയിലായിരുന്നു വോട്ട് രേഖപ്പെടുത്തിയിരുന്നത്. ഇക്കുറി വോട്ട് അഴീക്കോട് മണ്ഡലത്തിലേക്ക് മാറ്റുകയായിരുന്നു. ഈ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി എ.വി. കേശവനും മണ്ഡലത്തില്‍ തനിക്കു തന്നെ വോട്ട് ചെയ്തു. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എം.വി. നികേഷ് കുമാര്‍ കണ്ണൂര്‍ മണ്ഡലത്തിലെ ബര്‍ണശേരി ബിഎംപി സ്കൂളിലാണു വോട്ട് ചെയ്തത്.
കണ്ണൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കെ.ജി. ബാബുവിനു മാത്രമാണ് മണ്ഡലത്തില്‍ വോട്ടുള്ളത്. യുഡിഎഫ് സ്ഥാനാര്‍ഥി സതീശന് പാച്ചേനി തളിപ്പറമ്പ് മണ്ഡലത്തിലെ പുളിമ്പറമ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടന്നപ്പള്ളി രാമചന്ദ്രന്റെ വോട്ട് കല്യാശേരി മണ്ഡലത്തിലെ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലും വോട്ട്ചെയ്തു. തലശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.എന്‍. ഷംസീര്‍ തലശേരിയില്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ യുഡിഎഫിലെ എ.പി. അബ്ദുള്ളക്കുട്ടി അഴീക്കോട് മണ്ഡലത്തിലെ പള്ളിക്കുന്നിലും എന്‍ഡിഎ സ്ഥാനാര്‍ഥി വി.കെ. സജീവന് വടകരയിലും വോട്ട് ചെയ്തു.
കൂത്തുപറമ്പ് മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എ കെ.പി. മോഹനന് സ്വന്തം മണ്ഡലത്തിലെ പാനൂര്‍ പുത്തൂര്‍ എല്‍പി സ്കൂളിലെ 73ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജ, എന്‍ഡിഎ സ്ഥാനാര്‍ഥി സദാനന്ദന് മാസ്റ്റര്‍ എന്നിവര്‍ക്ക് മത്സരിക്കുന്ന മണ്ഡലത്തില്‍ വോട്ടില്ല. ശൈലജയുടെ വോട്ട് മട്ടന്നൂര്‍ മണ്ഡലത്തിലും സദാനന്ദന് മാസ്റ്ററുടെ വോട്ട് തൃശൂര്‍ വടക്കാഞ്ചേരി പേരമംഗലത്തുമാണ്. കെ.കെ. ശൈലജ മട്ടന്നൂര്‍ പഴശി വെസ്റ്റ് എല്‍പി സ്കൂളില്‍ വോട്ട് ചെയ്തു.
മട്ടന്നൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബിജു ഏളക്കുഴിക്ക് മാത്രമാണ് വോട്ടുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ.പി. ജയരാജന് കല്യാശേരിയിലും യുഡിഎഫ് സ്ഥാനാര്‍ഥി കെ.പി. പ്രശാന്തിന് കണ്ണൂര്‍ മണ്ഡലത്തിലുമാണ് വോട്ട്. പേരാവൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫ്, എന്‍ഡിഎ സ്ഥാനാര്‍ഥി പൈലി വാത്യാട്ട് എന്നിവരുടെ വോട്ടുകള്‍ മണ്ഡലത്തില്‍തന്നെയാണ്. സണ്ണി ജോസഫ് ഇരിട്ടി കടത്തുംകടവ് ഇംഗ്ലീഷ് മീഡിയം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വോട്ട് ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിനോയ് കുര്യന്റെ വോട്ട് ഇരിക്കൂര്‍ മണ്ഡലത്തിലാണ്.