കനത്ത സുരക്ഷയില്‍ വയനാട്ടില്‍ ഉയര്‍ന്ന പോളിംഗ്

kkd-surakshaവൈത്തിരി: മാവോവാദികളുടെ സാന്നിധ്യവും മറ്റു പ്രശ്‌നങ്ങളും ഉയര്‍ത്തിക്കാട്ടി പ്രശ്‌നബാധിത ജില്ലയെന്ന പേരില്‍ കനത്ത സുരക്ഷ തീര്‍ത്ത വയനാട്ടില്‍ ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ ഏഴുമണിയോടുകൂടി വോട്ടടുപ്പ് ആരംഭിച്ചത് മുതല്‍ ഏതു സമയത്തും മഴ പെയ്യാനുള്ള കാലാവസ്ഥയായിരുന്നു മേഖലയില്‍ പ്രകടമായിരുന്നത്. അതിനാല്‍ കാലാവസ്ഥ മുന്നില്‍ കണ്ടു ആളുകള്‍ നേരത്തേയെത്തി വോട്ട് ചെയ്തു മടങ്ങുകയായിരുന്നു.

കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ ഉല്‍പ്പെടുന്ന തോട്ടം മേഖലയായ ചുണ്ടേല്‍, വൈത്തിരി, പൊഴുതന, അച്ചൂര്‍ ഭാഗങ്ങളിലെ മിക്ക ബൂത്തുകളിലും ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി  50 ശതമാനത്തിന് മുകളില്‍ വോട്ടാണ് രേഖപ്പെടുത്തിയത്. അതിരാവിലെ തന്നെ സ്ത്രികളുള്‍പ്പെടെയുള്ളവര്‍ പോളിംഗ് സ്‌റ്റേഷനിലെത്തിയിരുന്നു. ആദിവാസി കുടുംബങ്ങള്‍ കൂടുതലായുള്ള തരിയോട്, വെങ്ങപ്പള്ളി പഞ്ചായത്തുകളിലെ ബൂത്തുകളില്‍ ഭൂരിഭാഗം വോട്ടര്‍മാരെയും മുന്നണികള്‍ വോട്ടടുപ്പ് നടക്കുന്ന സ്ഥലത്തേക്ക് വാഹനത്തിലും മറ്റുമായി എത്തിക്കുകയായിരുന്നു.

വോട്ടടുപ്പിന്റെ തലേദിവസം തന്നെ കനത്ത പോലീസ് സന്നാഹമാണ് പോളിംഗ് സ്‌റ്റേഷനിലും പരിസരത്തും നിലയുറപ്പിച്ചിട്ടുള്ളത്. ബൂത്തുകളിലെ സുരക്ഷ കണക്കിലെടുത്ത് വയനാട് ജില്ലയിലെ പോലിസിനുപുറമെ മാവോയിസ്റ്റ് ഭീഷണി മുന്നില്‍ കണ്ട ബൂത്തുകളില്‍ കര്‍ണാടക റിസര്‍വ് പോലീസിന്റെ കമ്പനിയും തണ്ടര്‍ബോള്‍ട്ടും ആന്റി നക്‌സല്‍ സ്ക്വാഡുകളുടെയും സുരക്ഷയുണ്ടായിരുന്നു. രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം മുന്‍കരുതലോടെയാണ് ഇത്രയും സന്നാഹങ്ങള്‍ അധികൃതര്‍ ഒരുക്കിയത്. അതിനാല്‍ തന്നെ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് വയനാട്ടില്‍ കാര്യമായ അനിഷ്ട സംഭവങ്ങളെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related posts