കളമശേരി നഗരത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം

klm-cameraകളമശേരി: കുറ്റകൃത്യങ്ങളും ട്രാഫിക് ലംഘനങ്ങളും വര്‍ധിച്ചു വരുന്ന കളമശേരി നഗരത്തില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്നാവശ്യം  ശക്തമാകുന്നു. തിരുവോണത്തലേന്ന്    കടത്തിണ്ണയില്‍ ചോരവാര്‍ന്നൊലിച്ച നിലയില്‍ കണ്ടെത്തിയ മധ്യവയസ്കനെക്കുറിച്ച് ഒരു തുമ്പും ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് നിരീക്ഷണ കാമറകളുടെ സാന്നിധ്യം അനിവാര്യമായിരിക്കുന്നത്.

നിരീക്ഷണ കാമറ ഉണ്ടായിരുന്നെങ്കില്‍ വെളുപ്പിനെ നടന്ന ഈ സംഭവത്തില്‍ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസിന് ശാസ്ത്രീയമായ തെളിവ് തന്നെ ലഭിക്കുമായിരുന്നു.  കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുന്ന ഇയാളുടെ ബോധം തെളിയുന്നത് വരെ കാത്തിരിക്കാനേ പോലീസിന് കഴിയൂ.അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന കളമശേരിയില്‍ ട്രാഫിക് ലംഘനങ്ങളും അപകടങ്ങളും പെരുകുകയാണ്. അതിവേഗതയില്‍ വാഹനം പോകുന്നതു കണ്ട് വെട്ടിക്കുന്നവരാണ്പലപ്പോഴും അപകടത്തില്‍ പെടുന്നത്.

തെരുവോരങ്ങളിലെ മാലിന്യ നിക്ഷേപം ഇല്ലാതാക്കാനായി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ കളമശേരി നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങളുടെ നൂലാമാലയില്‍ അവ കുടുങ്ങിക്കിടപ്പാണ്. കൗണ്‍സില്‍ യോഗത്തില്‍ വളരെയധികം ആവേശത്തോടെ കൗണ്‍സിലര്‍മാര്‍ സംസാരിക്കുമെങ്കിലും  നടപ്പാക്കാന്‍ ആരും മുന്‍കൈ എടുക്കുന്നില്ലെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു.

വീടുകളില്‍  ബോധവത്കരണം നടത്തിയിട്ടും സ്ഥിതിയില്‍ മാറ്റം വരാത്തതിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണ കാമറകളെ ആശ്രയിക്കാന്‍ നഗരസഭ തീരുമാനിച്ചത്. വീട്ടിലെ മാലിന്യം പ്ലാസ്റ്റിക് കവറില്‍ കെട്ടി വഴിയോരത്തേക്ക് വലിച്ചെറിയുകയാണ് പലരും ചെയ്യുന്നത്. അതിനാല്‍ മാലിന്യം ചീയുന്നതും അല്ലാത്തതുമെന്ന് വേര്‍തിരിക്കാനും മനുഷ്യ പ്രയത്‌നം വീണ്ടും വേണ്ടി വരികയാണ്.

പ്രധാന കവലകളിലും ഒഴിഞ്ഞ പ്രദേശങ്ങളിലുമാണ് നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പക്ഷേ ടെന്‍ഡര്‍ വിളിച്ച് കാമറകള്‍ സ്ഥാപിക്കാന്‍ ആഴ്ചകള്‍ ഇനിയും വേണ്ടിവരും. അതുപോലെ കോളജുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവു വില്പന വര്‍ധിക്കുന്നതും നിരീക്ഷണ സംവിധാനത്തിന്റെ ആവശ്യകത കാണിക്കുന്നുണ്ട്.

ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മയക്ക് മരുന്ന് വിതരണക്കാരനെ കഴിഞ്ഞ ദിവസമാണ്  പ്രീമിയര്‍ കവലയില്‍ നിന്ന് പോലീസ് തൊണ്ടിയോടെ പിടികൂടിയത്. കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന് അധ്യാപകനോട് പറഞ്ഞ വിദ്യാര്‍ഥിയെ കഴിഞ്ഞയാഴ്ച പത്തോളം സഹപാഠികള്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ഇരുചക്രവാഹനത്തില്‍ പോകുന്ന സ്ത്രീകളെ തടഞ്ഞു നിര്‍ത്തി മാല പൊട്ടിച്ചെടുക്കുന്ന സംഘം കളമശേരിയില്‍ വ്യാപകമായപ്പോഴും  ഇതേ ആവശ്യം  കഴിഞ്ഞ വര്‍ഷം  ഉയര്‍ന്നിരുന്നു. നഗരസഭ തിരക്കിട്ട് കാമറ സ്ഥാപിക്കാന്‍ തീരുമാനമെടുത്തെങ്കിലും  ഒന്നും നടന്നില്ല.

Related posts