കോട്ടയം: കാഴ്ചയുടെ വിസ്മയമൊരുക്കിയ വിവിധ വാര്‍ത്താചിത്രങ്ങളുടെ പ്രദര്‍ശനമായ “സൈലന്‍സ് 2016′ ജനശ്രദ്ധയാകര്‍ഷിക്കുന്നു. കോട്ടയത്തെ പത്രഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടായ്മയായ ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മാമ്മന്‍മാപ്പിള ഹാളിലാണ് 26 ഫോട്ടോഗ്രാഫര്‍മാരുടെ 130 ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
രാഷ്ട്രീയ സാമൂഹിക വിഷയങ്ങളുടെ നേര്‍ചിത്രങ്ങളും പ്രകൃതിഭംഗിയും നിറഞ്ഞു നില്കുന്ന കലര്‍പ്പില്ലാത്ത ചിത്രങ്ങളാണു പ്രദര്‍ശനത്തിലുള്ളത്. മദമിളകിയ കൊമ്പനെ കൂച്ചുവിലങ്ങിടുന്ന ചിത്രം, അനശ്വര നടന്‍മാരായ പ്രേംനസീര്‍, ജയന്‍ എന്നിവര്‍ ഒന്നിച്ചണിനിരക്കുന്ന ചിത്രം, സമരമുഖത്തെ പോരാളിയുടെ രോക്ഷപ്രകടനം തുടങ്ങിയ ചിത്രങ്ങള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നതാണ്. ഉമ്മന്‍ചാണ്ടി, കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെ അപൂര്‍വ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്.
ഒാന്തുമുട്ടയിടുന്ന അപൂര്‍വ ചിത്രവും പ്രദര്‍ശനത്തിന്റെ മറ്റൊരു ആകര്‍ഷണീയതയാണ്. രാഷ്്ട്രദീപിക ഫോട്ടോഗ്രാഫര്‍മാരായ കെ.ജെ. ജോസ്, സനല്‍ വേളൂര്‍, അനൂപ് ടോം എന്നിവരുടെ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. അന്തരിച്ച മാധ്യമപ്രവര്‍ത്തകരായ സനില്‍ ഫിലിപ്പ്, എസ്.എസ്. റാം, വിക്ടര്‍ ജോര്‍ജ്, ടോണി വെമ്പള്ളി എന്നിവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ടാണു പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. സനില്‍ ഫിലിപ്പിനേക്കുറിച്ച് സുഹൃത്തുക്കള്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റുകളാണു പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. രാവിലെ 9.30മുതല്‍ രാത്രി 7.30വരെയാണ് പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്. പ്രദര്‍ശനം ഒമ്പതിനു സമാപിക്കും.