ശാസ്താംകോട്ട: രോഗബാധിതയായ മാതാവിനെകാണാന്‍ ജാമ്യവ്യവസ്ഥയില്‍ എട്ടുദിവസത്തെ ഇളവുനേടി പുലര്‍ച്ചെ വീട്ടിലെത്തിയ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനിയുടെ മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ച വികാരനിര്‍ഭരമായി. മഅദനി മൈനാഗപ്പള്ളി ഐസിഎസിലുള്ള തോട്ടുവാല്‍ മന്‍സിലില്‍ എത്തിയാണ് രോഗബാധിതയായ മാതാവ് അസുമാബീബിയേയും പിതാവ് അബ്ദുള്‍സമദ് മാസ്റ്ററേയും കണ്ടത്. പിന്നീട് നേരേ അന്‍വാര്‍ശേരിയിലേക്കുപോയി.
ഇന്നലെ വൈകുന്നേരത്തോടെ മഅദനി അന്‍വാര്‍ശേരിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിമാനയാത്രയിലുണ്ടായ തടസം മൂലം യാത്രവൈകുകയായിരുന്നു. അനിശ്ചിതത്വം നീങ്ങി രാത്രി 8.30 ഓടെ നെടുമ്പാശേരിയിലെത്തിയ മഅദനിയെ സ്വീകരിക്കുന്നതിനായി പാര്‍ട്ടിപ്രവര്‍ത്തകരും നാട്ടുകാരും സുഹൃത്തുക്കളുമടക്കം വന്‍നിരതന്നെയായിരുന്നു കാത്തുനിന്നത്. പുലര്‍ച്ചെയായിട്ടും വീട്ടില്‍ ആരും ഉറങ്ങിയിട്ടില്ല.
എല്ലാവരും മഅദനിയുടെ വരവ് കാത്തിരിക്കുകയായിരുന്നു. വീട്ടിലെത്തി മാതാവ് അസുമാബീവിയേയും, പിതാവ് അബ്ദുള്‍ സമദ് മാസ്റ്ററേയും കൂടാതെ മറ്റുകുടുംബാംഗങ്ങളേയും വീട്ടില്‍ വച്ച് കണ്ടു. ഇവിടെ കാത്തുനിന്നവരെ നിരാശരാക്കാതെ കുശലാന്വേഷണങ്ങള്‍ക്ക് ശേഷമാണ് വിശ്രമിക്കാന്‍ പോയത്. വര്‍ഷങ്ങള്‍ക്കുശേഷം ഇക്കുറി അബ്ദുള്‍ നാസര്‍ മഅദനി ജന്മ•നാടായ മൈനാഗപ്പള്ളി അന്‍വാര്‍ശേരി യത്തീംഖാനയില്‍ പെരുന്നാളുകൊള്ളും.
ഇക്കുറി അദ്ദേഹം അര്‍വാര്‍ശേരിയില്‍ എത്തുമ്പോള്‍ ഇവിടെ വന്‍ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. അന്തേവാസികളായ കുട്ടികളും തങ്ങളുടെ പ്രിയ ഉസ്താദിനൊപ്പം പെരുന്നാള്‍ കൊള്ളുമെന്നതാണ് ഏറ്റവും വലിയപ്രത്യേകത. അന്തേവാസികളായ മക്കള്‍ക്കൊപ്പം പെരുന്നാളുകൊള്ളാന്‍ തന്റെ മനസ് ആഗ്രഹിക്കുന്നതായി ബംഗളൂരുവില്‍ തന്നെസന്ദര്‍ശിക്കുന്നവരോടൊക്കയും മഅദനി സൂചിപ്പിച്ചിരുന്നു.