കൂടാളിയിലെ കൃഷിയിടങ്ങളില്‍ കാട്ടുപന്നികളുടെ വിളയാട്ടം

knr-panniമട്ടന്നൂര്‍: കൂടാളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമായി. ഏക്കര്‍ക്കണക്കിന് സ്ഥലത്തെ കാര്‍ഷിക വിളകളാണ് വ്യാപകമായി  നശിപ്പിച്ചത്. പഞ്ചായത്തിലെ കൂടാളി, കാവുന്താഴ, പട്ടാന്നൂര്‍, കോവൂര്‍, മുട്ടന്നൂര്‍ മേഖലയിലാണ് കാട്ടുപന്നിയുടെ ശല്യം രൂക്ഷമായത്. നേന്ത്ര വാഴ, മരച്ചീനി, പച്ചക്കറി തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിപ്പിക്കുന്നത്. രാത്രികാലങ്ങളില്‍ വീട്ടുപറമ്പിലും കൃഷിയിടങ്ങളിലുമെത്തുന്ന പന്നി കാര്‍ഷിക വിളകള്‍ നശിപ്പിക്കുകയാണ്.

കഴിഞ്ഞ പുലര്‍ച്ചെ കൂടാളി ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപത്തെ സദാനന്ദന്‍, മനോഹരന്‍ തുടങ്ങിയവരുടെ നിരവധി നേന്ത്ര വാഴകളാണ് കാട്ടുപന്നി നശിപ്പിച്ചത്. സ്വന്തമായുളള സ്ഥലത്തും പാട്ടത്തിനെടുത്ത് കൃഷി ചെയുന്നവരുടെ കാര്‍ഷിക വിളകളാണ് വ്യാപകമായി നശിപ്പിക്കപ്പെടുന്നത്. കാട്ടുപന്നി ശല്യം ഒഴിവാക്കുന്നതിന് കര്‍ഷകര്‍ പഞ്ചായത്തിന്റെ സഹായത്തോടെ വനം വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.പി.നൗഫല്‍ കാട്ടുപന്നിയുടെ ശല്യമുളള പ്രദേശം സന്ദര്‍ശിച്ചു. വനംവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ന്യായമായ നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും  നൗഫല്‍ പറഞ്ഞു.

Related posts