കൂത്തുപറമ്പ്: കണ്ണവം പെരുവയിൽ വീടിനു മുകളിൽ മരം കടപുഴകി വീണ് ഗൃഹനാഥന് ദാരുണാന്ത്യം. കോളയാട് പഞ്ചായത്തിലെ ചെമ്പുക്കാവ് തെറ്റുമ്മലിലെ എനിയാടൻ വീട്ടിൽ ചന്ദ്രനാണ് (78) മരിച്ചത്. ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം.
ശക്തമായ ചുഴലിക്കാറ്റിൽ മരം കടപുഴകി വീടിനു മുകളിൽ പതിക്കുകയായിരുന്നു. സംഭവസമയം വീട്ടിൽ മൂന്നുപേർ ഉണ്ടായിരുന്നെങ്കിലും മറ്റുളളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കൂത്തുപറമ്പിൽനിന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് ചന്ദ്രനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.